സതീശന് മറുപടി; ലൂസിഫറിലെ ഡയലോഗുമായി രാജീവ് ചന്ദ്രശേഖർ
Saturday, April 26, 2025 1:42 AM IST
കണ്ണൂര്‍: മലയാളവും കേരള രാഷ്ട്രീയവും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. താന്‍ തൃശൂരില്‍ ജനിച്ചുവളര്‍ന്നയാളാണെന്നും രാജ്യം മുഴുവന്‍ സേവനം ചെയ്ത വ്യോമസേന പട്ടാളക്കാരന് എം.കെ. ചന്ദ്രശേഖരന്റെ മകനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“അപ്പോ എനിക്ക് മുണ്ടുടുക്കാനും അറിയും. വേണമെങ്കില്‍ മുണ്ട് കുത്തിവയ്ക്കാനും അറിയും.മലയാളം സംസാരിക്കാനുമറിയും. മലയാളത്തില്‍ തെറി പറയാനുമറിയും’’-രാജീവ് പറഞ്ഞു. തനിക്കറിയുന്നത് വികസന രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ വികസിത കേരളം കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു, രാജീവ് ചന്ദ്രശേഖരന് കേരള രാഷ്ട്രീയം അറിയില്ല, മലയാളം അറിയില്ല, അതുകൊണ്ട് ഞങ്ങള്‍ ന്യായീകരിക്കുന്നത് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്ന്. അത് ശരിയാണ്. 60 കൊല്ലം ജനങ്ങളെ വഞ്ചിച്ച അഴിമതിയും പ്രീണന രാഷ്ട്രീയവും എനിക്കറിയില്ല. അത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയമാണ്.
എനിക്കറിയുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. അവസരങ്ങളും തൊഴിലും നിക്ഷേപവും അറിയുന്ന രാഷ്ട്രീയമാണ് ഞങ്ങള്‍ ബിജെപിക്കാരുടേത്. ജനങ്ങളെ സേവിക്കാനും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്ന രാഷ്ട്രീയമാണ് എനിക്കറിയുന്നത്.-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന് കേരളം എന്താണെന്ന തിരിച്ചറിവില്ലെന്നും താന്‍ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം വി.ഡി. സതീശന് പറഞ്ഞത്.
രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ പാക്കിസ്ഥാന് മറുപടി കൊടുക്കുന്നതില്‍ വി.ഡി. സതീശന് എന്താണ് ഇത്ര കുഴപ്പമെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തിനായിരുന്നു സതീശന്റെ മറുപടി.