ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ അടൂരിൽനിന്ന് പതിമൂന്നുകാരി കാസർഗോട്ട്
Sunday, April 27, 2025 2:11 AM IST
കാസർഗോഡ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാൻ പത്തനംതിട്ട അടൂരിൽനിന്ന് ഒറ്റയ്ക്ക് ട്രെയിൻ യാത്ര നടത്തി കാസർഗോട്ടെത്തിയ പതിമൂന്നുകാരിയെ റെയിൽവേ പോലീസ് കണ്ടെത്തി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ ഒൻപതോടെ മലബാർ എക്സ്പ്രസിലാണ് പെൺകുട്ടി കാസർഗോഡ് സ്റ്റേഷനിൽ വന്നിറങ്ങിയത്. ബന്ധുവീട്ടിലേക്ക് പോകാനെന്നുപറഞ്ഞ് വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ അടൂർ പോലീസിൽ പരാതി നല്കിയിരുന്നു.
പെൺകുട്ടി കാസർഗോട്ടേക്ക് ട്രെയിൻ കയറിയിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് അടൂർ പോലീസ് ഇവിടേക്ക് വിവരം കൈമാറിയിരുന്നു. ഇതേത്തുടർന്ന് പരിശോധനയ്ക്കെത്തിയ റെയിൽവേ പോലീസ് എസ്ഐ എം.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘം, ട്രെയിനിറങ്ങി ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
പോലീസ് ചോദ്യംചെയ്തപ്പോൾ തുടക്കത്തിൽ പേരും വിലാസവും മാറ്റിപ്പറഞ്ഞെങ്കിലും പിന്നീട് എല്ലാം സമ്മതിച്ചു. പൊയിനാച്ചി സ്വദേശിയായ ഇൻസ്റ്റഗ്രാം സുഹൃത്ത് പറഞ്ഞയച്ച ആൾ തന്നെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയിട്ടുണ്ടെന്നും പറഞ്ഞു.
എന്നാൽ പെൺകുട്ടി പോലീസിന്റെ പിടിയിലായത് കണ്ടപ്പോൾതന്നെ ഇയാൾ റെയിൽവേ സ്റ്റേഷനിൽനിന്ന് കടന്നുകളഞ്ഞിരുന്നു. തത്കാലം ജില്ലാ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള പെൺകുട്ടിയെ ബന്ധുക്കളെത്തി ഏറ്റുവാങ്ങുന്നതിനായി അടൂർ പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴി മാസങ്ങൾക്കു മുമ്പാണ് പൊയിനാച്ചി സ്വദേശിയായ 21 കാരനുമായി സൗഹൃദത്തിലായതെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞു.
ബന്ധുവീട്ടിലേക്ക് പോകാനെന്നുപറഞ്ഞ് വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടി റെയിൽവേ സ്റ്റേഷനിലെത്തി കാസർഗോട്ടേക്ക് ടിക്കറ്റെടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.