വീണാ വിജയനു കിട്ടിയ പണം: സിപിഎം മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ
Saturday, April 26, 2025 12:38 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽനിന്ന് വായ്പയായി ലഭിച്ച തുക തിരിച്ചടച്ചുവെന്ന് വ്യാജമായി രേഖയുണ്ടാക്കി അതു സ്വന്തമാക്കിയെന്ന് എസ്എഫ്ഐഒ കുറ്റപത്രത്തിലൂടെ വ്യക്തമായ സാഹചര്യത്തിൽ ഈ അഴിമതിപ്പണം ഏതു ഗണത്തിൽ സിപിഎം ഉൾപ്പെടുത്തുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസപ്പടി ആരോപണം ഉയർന്നതു മുതൽ സിപിഎം അതിനെ ന്യായീകരിക്കുകയാണ്. രണ്ടു കന്പനികൾ നടത്തിയ സുതാര്യമായ ഇടപാടാണെന്നും അതിന് അവർ നികുതി അടച്ചിട്ടുണ്ടെന്നുള്ള വാദഗതികളാണ് സിപിഎം നിരത്തിയത്.
ഈ ആരോപണം ഉയർന്നിട്ട് ഇതുവരെ അതിനു വ്യക്തമായ മറുപടി നൽകാൻ വീണാ വിജയൻ തയാറായിട്ടില്ല. സിപിഎം പിബി മുതൽ ലോക്കൽ സെക്രട്ടറിവരെ ന്യായീകരണവുമായി രംഗത്തെത്തി. വായ്പയായി ലഭിച്ച തുക വകമാറ്റിയതിനെക്കുറിച്ച് സിപിഎം നേതൃത്വത്തിന് എന്താണു പറയാനുള്ളതെന്ന് കുഴൽനാടൻ ചോദിച്ചു.