ചോദ്യ പേപ്പറില്ല; കണ്ണൂർ സർവകലാശാല പരീക്ഷ മാറ്റിവച്ചു
Sunday, April 27, 2025 2:12 AM IST
കണ്ണൂർ: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ മാറ്റിവച്ച കണ്ണൂർ സർവകലാശാലയിൽ ഒടുവിൽ ചോദ്യപേപ്പർ ഇല്ലാത്തതിനെ തുടർന്നും പരീക്ഷ മാറ്റി.
പുതുതായി ആരംഭിച്ച നാലു വർഷ ബിരുദ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷയാണ് ചോദ്യപേപ്പർ ഇല്ലാത്തതിനെ തുടർന്ന് മാറ്റിവച്ചത്. ഇന്നലെ വിദ്യാർഥികൾ പരീക്ഷയെഴുതാൻ ഹാളിൽ കയറിയിരുന്നപ്പോഴാണ് സർവകലാശാലയിൽ ചോദ്യപേപ്പർ ലഭിക്കാത്തതിനെ തുടർന്ന് പരീക്ഷ മാറ്റിയത്.
പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുന്പ് കോളജ് പ്രിൻസിപ്പൽമാർ സർവകലാശാലയുടെ പ്രത്യേക സൈറ്റിൽ നിന്ന് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ച് പരീക്ഷാഹാളിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്ത് പരീക്ഷ നടത്തണമെന്നാണ് ചട്ടം. എന്നാൽ നാലുവർഷ ബിരുദത്തിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുകയും ഉത്തരമെഴുതേണ്ട പേപ്പറുകൾ നൽകുകയും ചെയ്തിരുന്നു. അരമണിക്കൂർ കാത്തിരുന്നിട്ടും ഹാളുകളിൽ ചോദ്യപേപ്പറുകൾ വിതരണം ചെയ്തില്ല.
ചോദ്യപേപ്പർ ലഭിക്കാത്തതിനെ തുടർന്ന് സർവകലാശാലയുമായി ബന്ധപ്പെട്ടപ്പോൾ സാങ്കേതിക കാരണങ്ങളാൽ 14 വിഷയങ്ങളുടെ പരീക്ഷകൾ മേയ് അഞ്ചിലേക്ക് മാറ്റിവച്ചു എന്ന് പരീക്ഷാ കൺട്രോളറുടെ പിഎ ഇ മെയിലിലൂടെ അറിയിക്കുകയായിരുന്നു.
സാധാരണ ഗതിയിൽ ഏതെങ്കിലും കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കുകയാണെങ്കിൽ പത്രമാധ്യമങ്ങളിലൂടെയും മറ്റും പരീക്ഷാ കൺട്രോളർ അറിയിക്കുകയാണ് പതിവ്. എന്നാൽ, ഇവിടെ പരീക്ഷാ നടത്തിപ്പിനുള്ള നടപടികൾ ആരംഭിച്ച ശേഷമാണ് അറിയിപ്പ് ഇട്ടത്. അതും പരീക്ഷാ കൺട്രോളറുടെ പിഎയുമാണ് നൽകിയത്. നേരത്തേ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുന്പ് കാസർഗോഡ് ജില്ലയിലെ ഒരു കോളജിൽനിന്ന് വാട്സ് ആപ്പിലൂടെ ചോദ്യങ്ങൾ ചോർന്നിരുന്നു.
ചോദ്യപേപ്പർ ലഭ്യമാക്കാതെ പരീക്ഷ നടത്താൻ ശ്രമിച്ച കണ്ണൂർ സർവകലാശാലയുടെ നിലപാട് പരിഹാസ്യവും വിദ്യാർഥികളോടുള്ള വെല്ലുവിളിയുമാണെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.
പരീക്ഷാ നടത്തിപ്പുകളുൾപ്പെടെ എല്ലാ കാര്യത്തിലും തികഞ്ഞ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നു കെപിസിടിഎ പ്രസ്താവനയിൽ പറഞ്ഞു.