ശോഭാ സുരേന്ദ്രന്റെ വീടിനുമുന്നിലെ ‘സ്ഫോടനം’ നനഞ്ഞ പടക്കമായി
Sunday, April 27, 2025 2:11 AM IST
അയ്യന്തോൾ (തൃശൂർ): ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനുമുന്നിലെ സ്ഫോടനം ഒടുവിൽ നനഞ്ഞ പടക്കമായി.
തൃശൂർ അയ്യന്തോളിലെ ശോഭയുടെ വീടിനു മുന്നിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ പൊട്ടിത്തെറി ബിജെപി സംസ്ഥാനതലത്തിൽതന്നെ വലിയ സുരക്ഷാപ്രശ്നമായി ഉയർത്തിക്കൊണ്ടുവന്നെങ്കിലും, സംഭവത്തിൽ ദുരൂഹതയില്ലെന്നും സമീപവാസികളായ യുവാക്കൾ ഓലപ്പടക്കം പൊട്ടിച്ചതാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭയുടെ വീടിനുമുന്പിൽ പടക്കം പൊട്ടിച്ചത്. ഈസ്റ്ററിനു വാങ്ങിയതിൽ ബാക്കിയായ പടക്കമാണു പൊട്ടിച്ചതെന്നാണു യുവാക്കളുടെ മൊഴി. പ്രദേശത്തു മറ്റിടങ്ങളിൽവച്ചും പടക്കം പൊട്ടിച്ചിരുന്നു.
പോലീസ് വന്നതോടെ ഭയപ്പെട്ടു മിണ്ടാതിരിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു കേസെടുത്തശേഷം യുവാക്കളെ വിട്ടയയ്ക്കുമെന്നാണു പോലീസ് നൽകിയ സൂചന.
പടക്കംപൊട്ടിയ സമയം ശോഭ സുരേന്ദ്രൻ ഉൾപ്പെടെ അയ്യന്തോളിലെ വീട്ടിലുണ്ടായിരുന്നു. ശോഭയുടെ വീടിന്റെ എതിർവശത്തെ വീടിന്റെ ഗേറ്റിനോടുചേർന്നാണു പൊട്ടിത്തെറിയുണ്ടായത്.
തന്നെ ലക്ഷ്യമിട്ടുള്ള ബോംബ് ആക്രമണമാണു നടന്നതെന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
ബിജെപി സംസ്ഥാന, ജില്ലാ നേതാക്കൾ ശോഭ സുരേന്ദ്രന്റെ വീട്ടിലെത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, പദ്മജ വേണുഗോപാൽ എന്നിവർ ശോഭയുമായി ഫോണിൽ ബന്ധപ്പെട്ടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉൾപ്പെടെ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്ഫോടനപശ്ചാത്തലത്തിൽ ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്കു സംരക്ഷണം നൽകാൻ പോലീസ് നിർദേശവും നൽകിയിരുന്നു.