കെ.എം. ഏബ്രഹാമിന് എതിരേ സിബിഐ കേസെടുത്തു
Sunday, April 27, 2025 2:12 AM IST
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ.എം. ഏബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണു നടപടി.
2015ല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു പരാതി. കേസെടുത്ത സാഹചര്യത്തിൽ കെ.എം. ഏബ്രഹാമിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എഫ്ഐആര്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിക്കും.
കഴിഞ്ഞ 21ന് കെ.എം. ഏബ്രഹാമിനെതിരേ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുപ്രവര്‍ത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. തുടര്‍ന്ന് ഇതേ പരാതിയില്‍ കേസ് അന്വേഷിച്ചിരുന്ന വിജിലന്‍സില്‍നിന്നു രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ കത്തു നല്‍കിയെങ്കിലും ലഭ്യമായില്ല.
ഒടുവില്‍ പരാതിക്കാരനെ കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസെടുക്കുകയായിരുന്നു. കൊച്ചി സിബിഐ യൂണിറ്റിലെ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടപ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്കു നല്‍കേണ്ട സാമ്പത്തിക ആസ്തി സംബന്ധിച്ച സ്റ്റേറ്റ്മെന്റ് നല്‍കിയിട്ടില്ല, കെ.എം. ഏബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്ലാറ്റുകളും കൊല്ലത്ത് എട്ടു കോടി രൂപ മൂല്യമുള്ള ഷോപ്പിംഗ് മാളും ഉണ്ട് തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങള്‍.