ഫിയാത്ത് മിഷന് രാജ്യാന്തര കോണ്‍ഗ്രസ് ചെത്തിപ്പുഴയില്‍ ഇന്നാരംഭിക്കും
Monday, April 28, 2025 5:06 AM IST
ചങ്ങനാശേരി: ഫിയാത്ത് മിഷന് സംഘടിപ്പിക്കുന്ന ആറാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മെഷീന് (ജിജിഎ) രാജ്യാന്തര കോണ്‍ഗ്രസ് ഇന്നു മുതല്‍ മേയ് നാലുവരെ ചെത്തിപ്പുഴ തിരുഹൃദയ പള്ളി, ക്രിസ്തുജ്യോതി കാമ്പസ്, മീഡിയ വില്ലേജ്, കാര്‍മല്‍ മൗണ്ട് ധ്യാനകേന്ദ്രം എന്നിവിടങ്ങളിലായി നടത്തും. ഇന്ന് രാവിലെ ഒമ്പതിന് ഇറ്റാനഗര്‍ ബിഷപ് ഡോ. ബെന്നി വര്‍ഗീസ് വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് ദീപം തെളിക്കും.
ഗുഡ്ഗാവ് ആര്‍ച്ച്ബിഷപ് തോമസ് മാര്‍ അന്തോനിയോസ്, ഇറ്റാനഗര്‍ ബിഷപ് എമിരിറ്റസ് റവ.ഡോ. ജോണ്‍ തോമസ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് എന്നിവര്‍ പ്രസംഗിക്കും. ധ്യാനം, ഫിയാത്ത് മിഷനെ പരിചയപ്പെടുത്തുന്ന എക്സിബിഷനുകള്‍, ബൈബിള്‍ എക്സ്പോ, രാജ്യാന്തര ചലച്ചിത്രമേള, ക്രിസ്തീയ സംഗീതനിശ, വിശ്വാസ പരിശീലക സംഗമം എന്നിവ രാജ്യാന്തര കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തും.
മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വിവിധ അതിരൂപത അധ്യക്ഷന്മാര് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശങ്ങള്‍ നല്‍കും. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവിധ മിഷന് രൂപതകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും പരിപാടിയുടെ പ്രത്യേകതയാണ്. മിഷന് രൂപതകളെ പ്രതിനിധീകരിച്ച് പ്രതിനിധികളും പങ്കെടുക്കും.
ദിവസവും രാവിലെ ഒമ്പതിന് വിശുദ്ധകുര്‍ബാന, 24 മണിക്കറും ദിവ്യകാരുണ്യ ആരാധന, രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ മിഷന് എക്സിബിഷന്, 7.30ന് ക്രിസ്തീയ സംഗീതനിശ, കാര്‍ലോ ദിവ്യാകാരുണ്യ എക്സിബിഷന്, കാര്‍ലോ ക്വിസ് എന്നീ പരിപാടികള്‍ നടത്തും. പ്രവേശനവും ഭക്ഷണവും സൗജന്യമാണ്. പന്തലിന്റെ വെഞ്ചരിപ്പ് കര്‍മം സിഎംഐ സഭയുടെ വികാര്‍ ജനറല്‍ ഫാ.ജോസി താമരശേരി നിര്‍വഹിച്ചു.