വിവാഹ സംഘത്തിന്റെ ബസിനു നേരേ ഗുണ്ടാ ആക്രമണം
Monday, April 28, 2025 5:06 AM IST
കോഴിക്കോട്: കൊടുവള്ളി വെണ്ണക്കാട് വിവാഹ സംഘത്തിന്റെ ബസിനു നേരേ ഗുണ്ടാ ആക്രമണം. ബസ് ജീവനക്കാരെ മർദിക്കുകയും ബസിനു നേരേ പന്നിപ്പടക്കമെറിയുകയും ചെയ്തു. ഒരു പടക്കം ചെന്നു വീണത് പെട്രോള്‍ പമ്പിലായിരുന്നെങ്കിലും വന്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചയോടെ ഉണ്ടായ സംഘര്‍ഷവുമായി ഗുണ്ടാ നേതാവ് ആട് ഷമീര്‍, കൊളവയല്‍ അസീസ്, അജ്മല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹവേദിക്കു സമീപം നിർത്തി ആളുകളെ ഇറക്കിയശേഷം ബസ് റോഡരികിലെ പെട്രോള്‍ പമ്പിലേക്കു കയറ്റി തിരിക്കുന്നതിനിടെ കുറച്ചു നേരം ഗതാഗതക്കുരുക്കുണ്ടായി. ഈ സമയം ബസ് കാറില്‍ ഉരസിയെന്നാരോപിച്ച് ആട് ഷമീറും സംഘവും കാര്‍ ബസിനു മുന്നില്‍ നിർത്തിയിട്ടശേഷം ഇരുമ്പുവടി കൊണ്ട് ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജീവനക്കാരേ ആളുകള്‍ നോക്കിനില്‍ക്കെ ക്രൂരമായി മര്‍ദിച്ചു. ബസിനു നേരെ ഗുണ്ടാ സംഘം രണ്ടു പടക്കം വലിച്ചെറിഞ്ഞു. ഒരു പടക്കം പെട്രോള്‍ പമ്പിനുള്ളില്വച്ചാണു പൊട്ടിയത്. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പോലീസ് എത്തിയാണ് നിര്‍വീര്യമാക്കിയത്.
ആളുകള്‍ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് എത്തിയപ്പോഴേക്കും അക്രമികളില്‍ രണ്ടുപേര്‍ കാറില്‍ രക്ഷപ്പെട്ടു. മറ്റൊരാള്‍ ആശുപത്രിയില്‍ അഭയം തേടിയിരുന്നു. പ്രതികളെ പോലീസ് പിന്തുടര്ന്നു പിടികൂടി. പ്രതികളുടെ പരാക്രമത്തില്‍ മൂന്നു പോലീസുകാര്‍ക്കു നിസാര പരിക്കേറ്റു. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്താണു പെട്രോള്‍ പമ്പില്‍ സ്ഫോടനം നടന്നത്. തലമുടിനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായതെന്നു പ്രദേശവാസികള്‍ പറഞ്ഞു.