കാനത്തിന്റെ കുടുംബത്തെ ക്ഷണിക്കാതെ സിപിഐ
Saturday, April 26, 2025 12:38 AM IST
തിരുവനന്തപുരം: സിപിഐ ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ മരിച്ച നേതാക്കളുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങിൽ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തെ ക്ഷണിക്കാത്തത് വിവാദത്തിലേക്ക്.
തിരുവനന്തപുരത്തു നടന്ന ദേശീയ കൗണ്‍സിലിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുടെ നേതൃത്വത്തിൽ മരിച്ച നേതാക്കളുടെ കുടുംബങ്ങളെ ആദരിച്ചിരുന്നു.
എന്നാൽ, ഈ ചടങ്ങിൽ കാനം രാജേന്ദ്രന്റെ കുടുംബത്തെ ആദരിച്ചിരുന്നില്ല. കാനത്തിന്റെ കുടുംബത്തെ കാണാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അസൗകര്യത്തെ തുടർന്ന് എത്തിച്ചേർന്നിരുന്നില്ലെന്ന മറുപടിയാണു നേതാക്കൾ നൽകിയിരുന്നത്.
ആദരവ് നൽകുന്ന പരിപാടിയിൽ ക്ഷണിച്ചിട്ടില്ലെന്ന് കാനത്തിന്റെ മകൻ സന്ദീപ് രാജേന്ദ്രൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ഒഴിവാക്കിയതാണെന്നു വ്യക്തമായത്. തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചിരുന്നില്ല. അസൗകര്യം ഉള്ളതിനാലാണു വരാതിരുന്നതെന്ന പ്രസ്താവന തെറ്റാണ്. പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപിന്റെ പോസ്റ്റിൽ പറയുന്നു.