മേയ് ദിന റാലി നടത്താനൊരുങ്ങി ആശാ വർക്കർമാർ
Sunday, April 27, 2025 2:11 AM IST
തിരുവനന്തപുരം: സാർവദേശീയ തൊഴിലാളി ദിനമായ മേയ് ഒന്നിന് സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ മേയ്ദിന റാലി നടത്തും. രാപകൽ സമരത്തിന്റെ 81-ാം ദിവസമാകുന്ന അന്ന് നൂറുകണക്കിന് ആശമാരും മറ്റു തൊഴിലാളികളും അണിനിരക്കും.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘ഈ മേയ്ദിനം ആശമാർക്കൊപ്പം’ എന്ന പ്രചാരണം ആരംഭിച്ചു. സ്ത്രീത്തൊഴിലാളികളുടെ അവകാശദിനമായി ഇത്തവണത്തെ മേയ്ദിനം ആചരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.
രാപകൽ സമരത്തിന്റെ അടുത്ത ഘട്ടമായി പ്രഖ്യാപിച്ച ആശമാരുടെ സമരയാത്ര 85-ാം ദിവസമായ മേയ് അഞ്ചിന് കാസർഗോഡു നിന്ന് ആരംഭിക്കും. 45 ദിവസങ്ങളിലായി നടക്കുന്ന സമരയാത്ര റാലിയോടെ ജൂണ്‍ 17ന് തലസ്ഥാനത്ത് സമാപിക്കും.