കൊലയാളിയാനയെ ഉൾക്കാട്ടിലേക്ക് തുരത്തും
Saturday, April 26, 2025 1:42 AM IST
കൽപ്പറ്റ: മേപ്പാടി ഏരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനെ(67)വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തിയ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തും. ഇതിനു നീക്കം തുടങ്ങിയതായി സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ അറിയിച്ചു.
ആനയെ തുരത്തുന്നതിന് ഉപയോഗപ്പെടുത്തുവാൻ മുത്തങ്ങ പന്തിയിൽനിന്നു വിക്രം, സുരേന്ദ്രൻ എന്നീ കുംകിയാനകളെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ സാൻഡൽ ക്വാർട്ടേഴ്സ് പരിസരത്ത് എത്തിച്ചു.
അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അജേഷ് മോഹൻദാസും സംഘവും പൂളക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തി. തമിഴ്നാട് സ്വദേശിയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖൻ. അര നൂറ്റാണ്ടുമുന്പ് വയനാട്ടിലെത്തിയ ഇദ്ദേഹം എളന്പിലേരി എസ്റ്റേറ്റ് തൊഴിലാളിയായിരുന്നു.
ഭാര്യ നേരത്തേ മരിച്ച അറുമുഖന് രണ്ട് മക്കളാണ്. തിരുനെൽവേലിയിലാണ് ഇവരുടെ താമസം. ജോയിന്റ് അക്കൗണ്ടിൽ മാറാവുന്ന വിധത്തിൽ സമാശ്വാസധനത്തിന്റെ പകുതി തുകയായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മക്കൾക്ക് പൂളക്കുന്നിൽ അറുമുഖന്റെ വീട്ടിലെത്തി സൗത്ത് വയനാട് ഡിഎഫ്ഒ കൈമാറി.
ബാക്കി അഞ്ച് ലക്ഷം രൂപയും ഇൻഷ്വറൻസ് തുകയായ ഒരു ലക്ഷം രൂപയും പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് റവന്യു അധികാരികളിൽനിന്നു ലഭിക്കുന്ന മുറയ്ക്ക് നൽകും.
മേപ്പാടി ടൗണിൽനിന്നു വീട്ടാവശ്യത്തിനു സാധനങ്ങൾ വാങ്ങി ഉന്നതിയിലേക്ക് മടങ്ങുന്നതിനിടെയാണ് അറുമുഖനെ ആന ആക്രമിച്ചത്. ഉന്നതിയിലേക്കുള്ള റോഡിന്റെ വശത്ത് മരിച്ച നിലയിലാണ് അറുമുഖനെ പ്രദേശവാസികൾ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ അറുമുഖന്റെ മൃതദേഹം വൈകുന്നേരം പൂളക്കുന്ന് ഉന്നതിയിൽ സംസ്കരിച്ചു.