മാസപ്പടി കേസ്; സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന മൊഴി നിഷേധിച്ച് വീണ
Sunday, April 27, 2025 2:12 AM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ കരിമണൽ കന്പനിയായ സിഎംആർഎല്ലിൽനിന്നു സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒയ്ക്ക് മൊഴി നൽകിയെന്ന പ്രചാരണം നിഷേധിച്ച് എക്സാലോജിക് കന്പനി ഉടമയും മുഖ്യമന്ത്രിയുടെ മകളുമായി വീണാ വിജയൻ.
എക്സാലോജിക്-സിഎംആർഎൽ സാന്പത്തിക ഇടപാടിൽ സിഎംആർഎല്ലിന് ഒരു സേവനവും നൽകിയിട്ടില്ലെന്ന് മൊഴി നൽകിയെന്ന വാർത്തകൾ നിഷേധിച്ചാണ് വീണയുടെ പ്രതികരണം. മാസപ്പടി കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് വീണ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
സിഎംആർഎല്ലിൽനിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒയ്ക്ക് താൻ മൊഴി നൽകിയെന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് വീണ പറയുന്നു. ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും താൻ നൽകിയിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ താൻ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നതു വസ്തുതയാണ്. പക്ഷേ താനോ എക്സാലോജിക് സൊലൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽനിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി നൽകിയിട്ടില്ലെന്ന് അവർ പത്രക്കുറിപ്പിൽ അറിയിച്ചു.