മാര്‍ച്ചിലും സിനിമയ്ക്കു നഷ്ടക്കണക്ക്; നേട്ടം ‘എമ്പുരാന്’ മാത്രം
Monday, April 28, 2025 5:07 AM IST
കൊച്ചി: മാര്‍ച്ചില്‍ റിലീസ് ചെയ്ത മലയാളസിനിമകളുടെ നഷ്ടക്കണക്കുകള്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്തുവിട്ടു. റിലീസ് ചെയ്ത 15 സിനിമകളില്‍ 14ഉം നഷ്ടമെന്നാണ് അസോസിയേഷന്റെ കണക്കുകളില്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്’ മാത്രമാണു ലാഭം നേടിയത്.
15 ചിത്രങ്ങളില്‍ ആറു ചിത്രങ്ങളുടെ കളക്ഷന്‍ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. 15 ചിത്രങ്ങളുടെയും ആകെ നിര്‍മാണത്തുക 194.42 കോടിയോളം രൂപയാണ്. ഇതുവരെ ഈ ചിത്രങ്ങള്‍ക്ക് തിയേറ്ററിൽനിന്നു ലഭിച്ചതാകട്ടെ 25,88,31,000 രൂപ മാത്രം.
മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ചു സിനിമകളാണ് മാര്‍ച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ചു സിനിമകള്‍ക്കും തിയേറ്റര്‍ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായില്ലെന്ന് കണക്കുകള്‍ പറയുന്നു. 4.04 കോടിയില്‍ ചിത്രീകരിച്ച ഔസേപ്പിന്റെ ഒസ്യത്ത് ഇതുവരെ നേടിയത് 45 ലക്ഷം രൂപയാണ്. 2.60 കോടി മുതല്‍മുടക്കില്‍ ചിത്രീകരിച്ച പരിവാര്‍ 26 ലക്ഷം രൂപയും 3.65 കോടി യില്‍ ചിത്രീകരിച്ച വടക്കന്‍ എന്ന ചിത്രം 20 ലക്ഷം രൂപയുമാണ് തിയറ്ററില്‍നിന്ന് ഇതുവരെ നേടിയത്. മൂന്നു ചിത്രങ്ങളും പ്രദര്‍ശനം തുടരുകയാണ്. മറ്റു മൂന്ന് ചിത്രങ്ങളും നിലവില്‍ പ്രദര്‍ശനമില്ല. ഇവ നേടിയതാകട്ടെ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്.
14ന് തിയേറ്ററിലെത്തിയ ആരണ്യം, ദാസേട്ടന്റെ സൈക്കിള്‍, കാടകം, ലീച്ച്, രാക്ഷസി, ദ ലേഡി കില്ലര്‍, ഉറ്റവര്‍, വെയിറ്റിംഗ് ലിസ്റ്റ് എന്നീ സിനിമകളില്‍ അഞ്ചു സിനിമകള്‍ക്കും ലഭിച്ച തിയേറ്റര്‍ കളക്ഷനും ബജറ്റിനും വളരെ താഴെയാണ്. ഇതില്‍ ഉറ്റവര്‍, വെയിറ്റിംഗ് ലിസ്റ്റ് എന്നീ ചിത്രങ്ങളുടെ ബജറ്റ് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല.
85 ലക്ഷം മുടക്കുമുതല്‍ ചെലവിട്ട ആരണ്യം ചിത്രം 22,000 രൂപ മാത്രമാണു തിയറ്ററില്‍നിന്നു നേടിയത്. 30 ലക്ഷം രൂപ ചെലവിട്ട കാടകം 80,000 രൂപയും ഒരു കോടി ചെലവിട്ട ലീച്ച് 45,000 രൂപയുമാണ് നേടിയത്. 14ന് റിലീസ് ചെയ്ത ഒരു ചിത്രവും നിലവില്‍ പ്രദര്‍ശനം നടത്തുന്നില്ല.
മാര്‍ച്ച് അവസാനവാരമാണു പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ എമ്പുരാനും സൈജു കുറുപ്പ്, അര്ജുന് അശോകന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അഭിലാഷ’വും തിയറ്ററിലെത്തുന്നത്.
175 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ എമ്പുരാന് അഞ്ചു ദിവസംകൊണ്ട് 24 കോടി രൂപ കേരളത്തിലെ തിയറ്ററുകളില്‍നിന്നു കളക്ഷന്‍ നേടിയതായി കണക്കില്‍ പറയുന്നു. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തിട്ടും തിയറ്റര്‍ പ്രദര്‍ശനം തുടരുന്നതായാണ് അസോസിയേഷന് പറയുന്നത്.
നാലു കോടിയില്‍ ചിത്രീകരിച്ച അഭിലാഷം മൂന്നു ദിവസം കൊണ്ട് 15 ലക്ഷം രൂപ നേടി. ഈ ചിത്രവും തിയറ്റര്‍ പ്രദര്‍ശനം തുടരുകയാണ്. ഇതു മൂന്നാം തവണയാണ് സിനിമയുടെ ബജറ്റും തിയറ്റര്‍ വിഹിതവും നിര്‍മാതാക്കളുടെ സംഘടന പുറത്തുവിടുന്നത്.