ഷഹബാസ് വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Saturday, April 26, 2025 1:42 AM IST
കൊച്ചി: താമരശേരിയില്‍ വിദ്യാര്‍ഥിയായ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആറു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പതിനഞ്ചുകാരനെ അതിക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതികളുടെ പ്രവൃത്തി ഗൗരവമുള്ളതും ലഘുവായി കാണാനാകാത്തതുമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ ഹര്‍ജികള്‍ തള്ളിയത്.
ഷഹബാസ് ഫെബ്രുവരി 28നാണ് മരിച്ചത്. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡും സെഷന്‍സ് കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടര്ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളായ ഹര്‍ജിക്കാര്‍ ആഴ്ചകളായി കസ്റ്റഡിയിലാണെന്നും ഇവര്‍ക്കെതിരേ ആരോപിക്കുന്ന കുറ്റത്തിന് അടിസ്ഥാനമില്ലെന്നുമായിരുന്നു വാദം. എന്നാല്‍, ഹര്‍ജിക്കാര്‍ തടങ്കലിലല്ലെന്നും കോഴിക്കോട് ജുവനൈല്‍ ഹോമിലാണു പാര്‍പ്പിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് കൊലപാതക്കുറ്റമാണെന്നും ബാല നീതി നിയമം കുട്ടികളുടെ ആകെ ക്ഷേമം മുന്‍നിര്‍ത്തിയുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബാലനീതി നിയമപ്രകാരം എല്ലാ കേസിലും കുട്ടികളായ പ്രതികള്‍ക്കു ജാമ്യം അനുവദിക്കണമെന്നില്ല.
പ്രതികളായ കുട്ടികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ക്രമസമാധാനപ്രശ്നത്തിന് ഇടയാക്കുമെന്ന് സെഷന്‍സ് കോടതിയടക്കം വിലയിരുത്തിയിട്ടുണ്ട്. ജാമ്യം അനുവദിക്കുന്നത് ഹര്‍ജിക്കാരുടെ ജീവനും ഭീഷണിയാണെന്ന പ്രോസിക്യുഷന് വാദവും കോടതി കണക്കിലെടുത്തു.