പി.കെ. ശ്രീമതിയെ ഒഴിവാക്കിയത് പാര്‍ട്ടി തീരുമാനം: എം.വി. ഗോവിന്ദന്
Monday, April 28, 2025 5:06 AM IST
കൊച്ചി: പി.കെ. ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനാണു കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ല. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. 75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും ഒഴിവായി. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യമില്ല. എ.കെ. ബാലന് പ്രത്യേക ക്ഷണിതാവായാണു സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കെ.എം. ഏബ്രഹാമിനെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഒരുപാട് പേര്‍ക്കെതിരേ സിബിഐയും ഇഡിയും കേസെടുക്കുന്നുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. ഇക്കാര്യത്തില്‍ ഭരണവര്‍ഗ കടന്നാക്രമണമാണ് നടക്കുന്നത്. സിബിഐ അന്വേഷിക്കട്ടെ. യുഡിഎഫ് പറയുന്നത് പക്ഷപാതപരമായ രാഷ്ട്രീയമാണ്.
അവര്‍ക്കെതിരേ വരുമ്പോള്‍ രാഷ്ട്രീയവും മറ്റുള്ളവര്‍ക്കെതിരേ വരുമ്പോള്‍ നല്ല അന്വേഷണവും എന്നതാണു യുഡിഎഫ് നിലപാട്. വീണയുടെ മൊഴിയുമായി ബന്ധപ്പെട്ട് ശുദ്ധകളവാണ് എസ്എഫ്ഐഒ പറയുന്നത്. ഈ കളവ് മാധ്യമങ്ങളും ആവര്‍ത്തിക്കുകയാണ്.
രാമചന്ദ്രന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വന്നതിനെ വിമര്‍ശിക്കേണ്ടതില്ല. ഔദ്യോഗികമായി തിരക്കുള്ളയാളാണ് മുഖ്യമന്ത്രി. ആ തിരക്ക് ഒഴിഞ്ഞ ആദ്യഘട്ടത്തില്‍ത്തന്നെ അദ്ദേഹം അവിടെയെത്തിയെന്നും ഗോവിന്ദന് പറഞ്ഞു.