ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ദീപിക
Sunday, April 27, 2025 2:11 AM IST
കോട്ടയം: ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ദീപികയുടെ ആദരാഞ്ജലി. അദ്ദേഹത്തിന്റെ കബറടക്കം വത്തിക്കാനില്‍ നടന്ന അതേ സമയത്ത് ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
മാര്‍പാപ്പയുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി ദീപം തെളിച്ചാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് മൗനപ്രാര്‍ഥന നടത്തി.
ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് പ്രസംഗിച്ചു. എപ്പോഴും ലാളിത്യം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്പാപ്പയെന്നും പാപ്പാ പകര്‍ന്ന സഹജമായ ലാളിത്യബോധം എല്ലാവരും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യരും തുല്യരാണെന്നുള്ള ബോധ്യവും ചിന്തയും, പാവപ്പെട്ടവരോടും അവശരോടുമുള്ള മനോഭാവം, എല്ലാവര്ക്കും നീതി ലഭിക്കുന്ന സാമൂഹികനീതി സങ്കല്പം, പരിസ്ഥിതി സ്നേഹം തുടങ്ങി ഒട്ടേറെ മൂല്യങ്ങള്‍ പാപ്പാ ലോകത്തിനു പകര്ന്നുനല്കിയെന്ന് ചീഫ് എഡിറ്റര്‍ അനുസ്മരിച്ചു.
മന്ത്രി പി. പ്രസാദ്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, മംഗളം മാനേജിംഗ് ഡയറക്ടര്‍ സാജന് വര്‍ഗീസ്, മാതൃഭൂമി സ്പെഷല്‍ കറസ്പോണ്ടന്റും ബ്യൂറോ ചീഫുമായ എസ്.ഡി. സതീശന്‍നായര്‍, ദേശാഭിമാനി ബ്യൂറോ ചീഫ് എസ്. മനോജ്, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് ഏനാനിക്കല്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.
രാഷ് ട്രദീപിക എം.ഡി. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും ജനറല്‍ മാനേജര്‍ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് നന്ദിയും പറഞ്ഞു.