കേരളത്തിലുള്ള 59 പാക്കിസ്ഥാൻകാർ ഉടനടി രാജ്യം വിടാൻ പോലീസ് നോട്ടീസ്
Saturday, April 26, 2025 2:11 AM IST
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള 59 പാക്കിസ്ഥാൻ സ്വദേശികളോട് ഉടനടി രാജ്യം വിടാൻ പോലീസ് നോട്ടീസ് നൽകി.
ഇതിൽ 55 പേർ സന്ദർശക വീസയിൽ എത്തിയവരും മൂന്നു പേർ മെഡിക്കൽ ആവശ്യങ്ങൾക്കായി എത്തിയവരുമാണ്. ഒരാൾ തൃശൂർ ജയിലിലെ തടവുകാരനാണ്.
ഇതിൽ സന്ദർശക വീസയിലെത്തിയവർ 27നും മെഡിക്കൽ വീസക്കാർ 29നും രാജ്യം വിടാനാണ് നിർദേശം. ചികിത്സയിലുള്ളവരുടെ ആരോഗ്യാവസ്ഥയുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കേന്ദ്രാനുമതി തേടും.
എന്നാൽ പലരും ഇന്നലെത്തന്നെ കേരളം വിട്ടു. ഇവരെക്കൂടാതെ 45 പാക്കിസ്ഥാൻ സ്വദേശികൾ വർഷങ്ങളായി കേരളത്തിൽനിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുകയാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചവരാണ്. ഇവർ ഉടൻ രാജ്യം വിടേണ്ടതില്ല. ഇവർക്ക് കേന്ദ്രസർക്കാർ ഇളവനുവദിച്ചിട്ടുണ്ട്.