എം.ജി.എസ് ഇനി ചരിത്രത്തില്‍
Sunday, April 27, 2025 2:12 AM IST
കോഴിക്കോട്: കേരള ചരിത്രപഠനത്തിന് ശാസ്ത്രീയ അടിത്തറ പാകിയ പ്രശസ്ത ചരിത്രകാരനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം.ജി.എസ്. നാരായണന് (92) ഓര്‍മയായി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9.45ന് മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലെ വസതിയിലായിരുന്നു അന്ത്യം.
ജീവിതത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകള്‍ ചരിത്രപണ്ഡിതനു വിടചൊല്ലാനെത്തി. മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഭാര്യ: പ്രേമലത. മക്കള്‍: വിജയകുമാര്‍ (എയര്‍ഫോഴ്സില്‍ സ്ക്വാഡ്രണ്‍ ലീഡര്‍), വിനയ (മോഹിനിയാട്ടം നര്‍ത്തകി).
പ്രാചീനമായ പഴന്തമിഴ് കാലഘട്ടത്തെക്കുറിച്ചും മധ്യകാലത്തിന്റെ അവസാന ദശകങ്ങളെക്കുറിച്ചും ആധികാരിക രേഖകളുടെ അടിസ്ഥാനത്തില്‍ പഠനം നടത്തിയ ചരിത്രകാരനാണ് എം.ജി.എസ്. പ്രഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ച് ചരിത്രദര്‍ശനങ്ങളുടെ പിന്‍ബലത്തില്‍ ഗവേഷണമാരംഭിച്ച അദ്ദേഹം അറുപതുകളുടെ അവസാനത്തോടെ കേരള ചരിത്രപഠനത്തിന് ശാസ്ത്രപരമായ അടിത്തറ പാകി.
കേട്ടുകേള്‍വികളില്‍നിന്നും കെട്ടുകഥകളില്‍നിന്നും വേര്‍പെടുത്തി തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ കേരള ചരിത്രരചനയെ മുന്നോട്ടു കൊണ്ടുപോയ പണ്ഡിതനാണ് എം.ജി.എസ്. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും അംഗീകാരമുള്ള ചരിത്രകാരനായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറിയായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കട്ട് സര്‍വകലാശാല ചരിത്രവിഭാഗം മേധാവിയായിരുന്ന എം.ജി.എസ് ലണ്ടന്‍ സര്‍വകലാശാലാ കോമണ്‍വെല്‍ത്ത് അക്കാദമിക് ഫെലോ, മോസ്കോ-ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളില്‍ വിസിറ്റിംഗ് ഫെലോ, ടോക്കിയോ സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രഫസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1932 ഓഗസ്റ്റ് 20ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പന് കോളജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. കാലിക്കട്ട് സര്‍വകലാശാലയുടെ തുടക്കം മുതല്‍ ചരിത്രവിഭാഗത്തില്‍ അധ്യാപകനായും റീഡറായും പ്രഫസറായും സേവനമനുഷ്ഠിച്ച അദ്ദേഹം സോഷ്യല്‍ ഫാക്കല്‍റ്റിയുടെ ഡീന്‍ ആയിരുന്നു.1970 മുതല്‍ 1992ല്‍ വിരമിക്കുന്നതുവരെ വകുപ്പിന്റെ തലവനായിരുന്നു.
ചരിത്രത്തില്‍ യുജിസി പാനല്‍ അംഗം, യുജിസി നാഷണല്‍ ലക്ചറര്‍, യുജിസി വിസിറ്റിംഗ് പ്രഫസര്‍, എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് വിസിറ്റിംഗ് പ്രഫസര്‍, മംഗലാപുരം യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രഫസര്‍, കേരള സ്റ്റേറ്റ് ആര്‍ക്കൈവ്സിന്റെ സാങ്കേതിക ഉപദേശകസമിതി ചെയര്മാന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.