ആശാ സമരം; 70-ാം ദിവസത്തിലേക്ക് കടന്നു
Friday, April 18, 2025 2:56 AM IST
തിരുവനന്തപുരം: ആശാവർക്കർമാരുടെ വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ കള്ള സത്യവാങ് മൂലം നൽകിയെന്ന് സമരം ചെയ്യുന്ന ആശാ വർക്കർമാർ.
ഇതുവരെയും കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും പൊതുതാത്പര്യ ഹർജിക്ക് നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സമരസമിതി നേതാക്കൾ ആരോപിച്ചു.
അതേസമയം വേതന വർധന ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തിവരുന്ന രാപകൽ സമരം 70-ാം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന അനിശ്ചിതകാല നിരാഹാരസമരം 30-ാം ദിവസത്തിലേക്കും കടന്നു.
വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരാനാണ് സമരസമിതി തീരുമാനം. എന്നാൽ ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പുതിയ സാഹചര്യമൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
ആശാമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജുമായുള്ള അവസാനവട്ട ചർച്ചയിൽ സർക്കാർ പറഞ്ഞെങ്കിലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. ഓണറേറിയം കൂട്ടി നൽകാൻ തയാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് 21ന് സമരസമിതി ആദരമർപ്പിക്കും.