മോശം കാലാവസ്ഥ, സുരക്ഷാ ഭീഷണി; കത്ര-ശ്രീനഗർ ട്രെയിൻ സർവീസ് ഉദ്ഘാടനം മാറ്റി
Friday, April 18, 2025 2:56 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: മോശം കാലാവസ്ഥയും സുരക്ഷാ ഭീഷണിയും കാരണം കാഷ്മീരിലേക്കുള്ള ട്രെയിൻ സർവീസ് ഉദ്ഘാടനം മാറ്റിവച്ചു. കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് 19-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇതിനുള്ള തയാറെടുപ്പുകളും റെയിൽവേ അധികൃതർ പൂർത്തിയാക്കിയിരുന്നു.
ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ 19- ലെ ജമ്മു കാഷ്മീർ സന്ദർശനം റദ്ദാക്കിയെന്ന വിവരം ഔദ്യോഗികമായി പുറത്തു വന്നിട്ടുള്ളത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഈ മാസം തന്നെ ട്രെയിൻ സർവീസ് ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വരും ദിവസങ്ങളിൽ ജമ്മു കാശ്മീരിൽ മിതമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓറഞ്ച്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങുകൾ ശ്രീമാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനിലാണ് നിശ്ചയിച്ചിരുന്നത്. കത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു പൊതുയോഗവും നിശ്ചയിച്ചിരുന്നു.
ഇതോടൊപ്പം പ്രധാനമന്ത്രി ചെനാബ് റെയിൽ പാലവും അഞ്ജിഖാദ് പാലവും സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി രണ്ട് ഹെലിപാഡുകളും തയാറാക്കുകയുണ്ടായി. എന്നാൽ ഏപ്രിൽ 19 മുതൽ 22 വരെ താഴ്വരയിൽ മോശം കാലാവസ്ഥ പ്രവചനം കാരണം നരേന്ദ്ര മോദിയുടെ സന്ദർശനം മാറ്റിവച്ചതായാണ് അറിയിപ്പ്.
സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും പ്രധാനമന്ത്രിയുടെ കാഷ്മീർ സന്ദർശനം മാറ്റിവച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇതിനു പിന്നിൽ സുരക്ഷാ കാരണങ്ങളും ഉള്ളതായി റിപ്പോർട്ടുകളുണ്ട്.
ജമ്മുവിലെ ഉധംപുർ, കത്വ, പൂഞ്ച് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ അതിശക്തമായി നടക്കുകയാണ്. ഇതിനിടയിൽ പ്രത്യാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണ്.