വര്‍ഷങ്ങള്‍ക്കു മുമ്പ് അധ്യാപകനെതിരേ നല്കിയ പീഡനപരാതി വ്യാജമായിരുന്നെന്ന് യുവതി
Friday, April 18, 2025 2:56 AM IST
കടുത്തുരുത്തി: വര്‍ഷങ്ങള്‍ക്കുമുമ്പ് അധ്യാപകനെതിരേ നല്കിയ പീഡന പരാതി വ്യാജമാണെന്ന് യുവതി. സത്യം വെളിപ്പെടുത്തിയ യുവതി അധ്യാപകനെയും കുടുംബത്തെയും കണ്ട് പരസ്യമായി മാപ്പ് ചോദിച്ചു.
ഏഴ് വര്‍ഷം പ്രതിയായി കണക്കാക്കപ്പെട്ട അധ്യാപകന്റെയും കുടുംബത്തിന്റെയും ജീവിതം വിവരിക്കാന്‍ പോലും കഴിയാത്ത ദുഃസ്ഥിതിയില്‍. സത്യം പറഞ്ഞിട്ടും ആരും വിശ്വസിക്കാത്ത അവസ്ഥ. എല്ലാവരും കുറ്റവാളിയെപ്പോലെ നോക്കുന്ന സ്ഥിതി. പലതവണ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു.
ഭാര്യയെയും മക്കളെയും പോറ്റാന്‍ പെയിന്റിംഗിനും കൂലിപ്പണിക്കുമെല്ലാം പോയി. കുടുംബം ഒപ്പംനിന്നതു മാത്രമായിരുന്ന ഒറ്റപ്പെടലുകള്‍ക്കിടയിലും കിട്ടിയിരുന്ന ഏക ആശ്വാസം. എത്രകാലം കഴിഞ്ഞാലും സത്യം ജയിക്കുമെന്ന ആത്മവിശ്വാസമാണ് തന്നെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തിയതെന്ന് മധുരവേലി ചാന്തുരുത്തില്‍ സി.ഡി. ജോമോൻ (48) പറയുന്നു. വ്യാജ പരാതിയുടെ പുറത്ത് ഏഴു വര്‍ഷത്തിലധികം മാനസികമായി തളര്‍ന്നുപോയ ജോമോനിത് പുതുജീവിതം.
ജോമോന് പറയുന്നതിങ്ങനെ:
കുറുപ്പന്തറയില്‍ സ്വന്തമായി പാരാമെഡിക്കല്‍ സ്ഥാപനം നടത്തുകയായിരുന്നു. നിരവധി കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. ഇതില്‍ അങ്കമാലി സ്വദേശിനിയായ 21 വയസുള്ള ഒരു വിദ്യാര്‍ഥിനി സ്ഥാപന ഉടമയും അധ്യാപകനുമായ തനിക്കെതിരേ പീഡന പരാതി നല്‍കിയതോടെയാണ് ജീവിതം തകര്‍ന്നത്.
പരാതി നല്കുന്നതിനു മുമ്പേ പണം ആവശ്യപ്പെട്ട് പലരും തന്നെ വിളിച്ചിരുന്നു. പണം നല്‍കാതായതോടെ ഈ വിദ്യാര്‍ഥിനിയെ പഠനത്തിന്റെ ഭാഗമായുള്ള പരിശീലനത്തിനു കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നു കാണിച്ചു വിദ്യാര്‍ഥിനിയുടെ പേരില്‍ 2017ല്‍ പോലീസില്‍ പരാതി നല്കി. പിന്നീട് പതിവുപോലെ നടപടികളെല്ലാം വേഗത്തിലായി. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു മാസം കോട്ടയം ജില്ലാ ജയിലില്‍ കഴിഞ്ഞു.
ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍ പോലും തള്ളിപ്പറയാന്‍ തുടങ്ങി. സ്വന്തമായുണ്ടായിരുന്ന സ്ഥാപനവും നഷ്ടപ്പെട്ടു.
മറ്റൊരാള്‍ക്ക് സ്ഥാപനം കൈമാറേണ്ടിവന്നു. കേസും കോടതിയും ഒറ്റപ്പെടലുമടക്കം സങ്കടക്കടലായി പിന്നെയുള്ള ജീവതം. ഇതിനിടെ തനിക്കെതിരേ പരാതി നല്കാന് ഒപ്പമുണ്ടായിരുന്ന പലരും അകന്നതോടെ ഈ പെണ്‍കുട്ടി പിന്നീട് മറ്റൊരു വിവാഹം കഴിച്ചു ജീവിതം തുടങ്ങി.
തന്റെ ജീവിതം തകര്‍ന്ന കഥ വര്‍ഷങ്ങള്‍ക്കിപ്പുറം പരാതിക്കാരി സഹപാഠികളില്നന്നും മനസിലാക്കി. കേസ് നടക്കുന്ന കാര്യവും പരാതിക്കാരി പിന്നീട് അറിഞ്ഞിരുന്നില്ല.
ഇതോടെ കഴിഞ്ഞ ജനുവരിയില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ അധ്യാപകനായ ജോമോന് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞതോടെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.
താന്‍ ചെയ്തതു വലിയൊരു തെറ്റാണെന്നും തനിക്ക് അധ്യാപകനോട് തെറ്റ് ഏറ്റു പറയണമെന്നും പരാതിക്കാരി സഹപാഠികളോട് പറഞ്ഞു.
മൂന്നാഴ്ച മുമ്പ് മധുരവേലി പള്ളിയില്‍ ശനിയാഴ്ചകളില്‍ നടത്തുന്ന ധ്യാനത്തില്‍ പങ്കെടുക്കാനായെത്തിയ പരാതിക്കാരിയും കുടുംബവും അധ്യാപകനെതിരേ യുള്ളത് വ്യാജ പരാതിയായിരുന്നുവെന്ന് ഏറ്റുപറഞ്ഞു, പരസ്യമായി ക്ഷമ ചോദിച്ചു.