29 ലക്ഷത്തിന്റെ സൈബർ തട്ടിപ്പ്; ഇരിങ്ങാലക്കുട സ്വദേശി പിടിയിൽ
Friday, April 18, 2025 2:56 AM IST
പാലക്കാട്: വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് ചെയ്തു പണമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് മണ്ണാർക്കാട് അലനല്ലൂര്‍ സ്വദേശിയില്‍നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പാലക്കാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി യു.എസ്. സായ്കൃഷ്ണയെയാണ് അറസ്റ്റുചെയ്തത്.
2024 ഒക്ടോബര്‍ മാസത്തിനാണ് തട്ടിപ്പുകാര്‍ ടെലഗ്രാം ആപ്പ് വഴി ബന്ധപ്പെട്ട് വീട്ടിലിരുന്നു വലിയ വരുമാനമുണ്ടാക്കാമെന്നു വാഗ്ദാനംചെയ്തത്. തുടര്‍ന്ന് ചെറിയ തുക നിക്ഷേപിച്ച അലനല്ലൂർ സ്വദേശിക്കു ലാഭം നല്‍കുകയും പിന്നീട് ഭീമമായ തുക നിക്ഷേപിപ്പിച്ച് മുഴുവന്‍ തുകയും തട്ടിയെടുക്കുകയുമായിരുന്നു.
പരാതി ലഭിച്ചതിനെതുടര്‍ന്ന് പാലക്കാട് സൈബര്‍ പോലീസ് അന്വേഷണം നടത്തിവരവേ ഇരയ്ക്കു നഷ്ടപ്പെട്ട തുകയില്‍നിന്നും ഒരു വലിയ സംഖ്യ പ്രതിയുടെ ഇരിങ്ങാലക്കുടയിലുള്ള ബാങ്കിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. ഈ തുക ട്രാന്‍സ്ഫര്‍ ചെയ്ത ഉടന്‍ പ്രതി പണം പിന്‍വലിച്ച് മറ്റു ബാങ്കുകളിലേക്കു മാറ്റിയിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി സൈബര്‍ ക്രൈം പോലീസിന്റെ വലയിലായത്.ഇത്തരം തട്ടിപ്പ് നടത്തുന്നതിനുമാത്രമാണ് പ്രതി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്.
ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം സൈബര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. പ്രസാദിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി. ശശികുമാര്‍, സബ് ഇന്‍സ്പെക്ടര്‍ വി.ആര്. റെനീഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എ.പി. ജോഷി, സിനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉല്ലാസ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.കെ. വിനോദ്, പി.കെ. ശരണ്യ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. കേസില്‍ കൂടുതല്‍ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
ഇത്തരം തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ടോള്‍ ഫ്രീ നമ്പറായ 1930ലേക്കോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നു പോലീസ് അറിയിച്ചു.