കൊലവിളിപ്രസംഗം: ബിജെപി നേതാക്കൾക്കെതിരേ കേസ്
Friday, April 18, 2025 2:56 AM IST
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്എക്കെതിരേയുണ്ടായ കൊലവിളിപ്രസംഗത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഈസ്റ്റ് പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ. ഓമനക്കുട്ടന് എന്നിവര്‍ക്കെതിരേയാണു കേസ്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.
ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കാത്തതില്‍ കഴിഞ്ഞദിവസം വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. പാലക്കാട്ട് കാല് കുത്താന്‍ അനുവദിക്കില്ലെന്നും മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്റെ കാല് തറയിലുണ്ടാകില്ലെന്നും തല ആകാശത്തു കാണേണ്ടിവരുമെന്നുമായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന് എംഎല്‍എയുടെ ഓഫീസിലേക്കുനടത്തിയ മാര്‍ച്ചിനിടെ പ്രഖ്യാപിച്ചത്. നേരത്തേ പ്രശാന്ത് ശിവനും ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു.
മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്കു മാര്‍ച്ച് നടത്തിയ 16 പേര്‍ക്കെതിരേയാണ് കേസ്.
ബിജെപി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയതിനു യൂത്ത് കോൺഗ്രസ് നേതാക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷിനും കണ്ടാലറിയുന്ന 19 പേര്‍ക്കുമെതിരേയാണ് കേസെടുത്തത്.
പാർട്ടി ഓഫീസുകളിലേക്കുള്ള പ്രകടനങ്ങൾ ഒഴിവാക്കും
പാലക്കാട്: രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസുകളിലേക്കുള്ള പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ രാവിലെ ചേർന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. ബിജെപി, സിപിഎം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു.
ബിജെപിയുമായി യാതൊരുവിധ ചര്‍ച്ചയ്ക്കില്ലെന്നും എന്നാല്‍ സര്‍വകക്ഷിയോഗത്തിലെ സമാധാനത്തിനുവേണ്ടിയുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നതായും രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് വ്യക്തമാക്കി.