നടപടിക്കൊരുങ്ങി സിനിമാ സംഘടനകള്‍: മൂന്നംഗ സമിതിയെ നിയോഗിച്ചു
Friday, April 18, 2025 2:56 AM IST
കൊച്ചി: നടി വിന് സി. അലോഷ്യസിന്റെ പരാതിയില്‍ നടപടിക്കൊരുങ്ങി സിനിമാസംഘടനകള്‍. പരാതി അന്വേഷിക്കാന്‍ താരസംഘടന ‘അമ്മ’ മൂന്നംഗ സിമിതിയെ നിയോഗിച്ചു.
നടന് വിനു മോഹന്‍, നടിമാരായ അന്‍സിബ, സരയൂ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. അഡ്ഹോക്ക് കമ്മിറ്റിയാണ് സമിതിയെ നിയോഗിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
വിന് സി അലോഷ്യസിനിന്നും ആരോപണവിധേയനായ നടന് ഷൈന്‍ ടോം ചാക്കോയില്‍നിന്നും സിമിതി വിവരങ്ങള്‍ തേടും. റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷമാകും തുടര്‍നടപടികളെന്ന് അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
നടിയുടെ പരാതി പരിഗണിക്കാന്‍ ഫിലിം ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റി 21ന് കൊച്ചിയില്‍ അടിയന്തര യോഗം ചേരും. പരാതി ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.