സിപിഒ സമരം തുടരും; വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ
Friday, April 18, 2025 2:56 AM IST
തിരുവനന്തപുരം: റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടു ദിവസം കൂടി ബാക്കി നിൽക്കേ വെള്ള പുതച്ച് സ്വയം റീത്തു വച്ച് പ്രതിഷേധിച്ച് സിപിഒ ഉദ്യോഗാർഥികൾ.
അർഹരായവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശം വേദനിപ്പിച്ചുവെന്നും അതിനാലാണ് ഇത്തരത്തിൽ സമരം നടത്തുന്നതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. ആരാണ് അർഹതയുള്ളവർ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ തങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.
എങ്കിലും റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതു വരെ സമരം തുടരുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നാളെ അവസാനിരിക്കേ യാണ് ഉദ്യോഗാർഥികൾ ഇന്നലെ സമരം കടുപ്പിച്ചത്.
972 പേരുടെ ലിസ്റ്റിൽ 292 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. കഴിഞ്ഞ ദിവത്തെ മന്ത്രിസഭാ യോഗത്തിലും വിഷയം പരിഗണിക്കാതെ വന്നതോടെ കടുത്ത നിരാശയിലാണ് ഉദ്യോഗാർഥികൾ.