ചിത്രീകരണത്തിനിടെ ശ്രീനാഥ് ഭാസി ലഹരി ആവശ്യപ്പെട്ടെന്ന് നിർമാതാവ്
Friday, April 18, 2025 2:56 AM IST
തൊടുപുഴ: സിനിമാ ചിത്രീകരണ ദിവസങ്ങളിൽ നടൻ ശ്രീനാഥ് ഭാസി ലഹരി മരുന്ന് ആവശ്യപ്പെട്ടെന്ന് നിർമാതാവിന്റെ വെളിപ്പെടുത്തൽ. തൊടുപുഴ സ്വദേശിയായ ഹസീബ് മലബാറാണ് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
നമുക്ക് കോടതിയിൽ കാണാം എന്ന സിനിമയുടെ ലോക്കേഷനിൽ വച്ച് പുലർച്ചെ മൂന്നിനു വരെ ഫോണിൽ വിളിച്ച് ലഹരി ആവശ്യപ്പെട്ടു. ചിത്രീകരണത്തിനിടയിൽ നടനെക്കൊണ്ട് പൊറുതിമുട്ടി. സ്ഥിരമായി സെറ്റിലെത്താതെ ചിത്രീകരണവും ഡബ്ബിംഗും നീണ്ടു പോയതായും ഹസീബ് മലബാർ പറഞ്ഞു.
കാരവാന് ലഹരി പിടിച്ചെടുക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഏറ്റവും അപകടമുണ്ടാക്കുന്ന വാഹനം ശ്രീനാഥ് ഭാസിയുടേതാകുമെന്നും നിർമാതാവ് പറയുന്നു. ശ്രീനാഥ് ഭാസി മുന്പും ലഹരി വിവാദത്തിൽ കുടുങ്ങിയിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായി കുടുങ്ങിയ തസ്ലീമയുടെ ഇടപാടുകാരുടെ കൂട്ടത്തിലും നടന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയാണ് പുതിയ വെളിപ്പെടുത്തലുണ്ടാകുന്നത്.