കൂടുതൽ കാലം മുഖ്യമന്ത്രിയാകുന്ന രണ്ടാമനായി പിണറായി വിജയൻ
Monday, April 14, 2025 3:22 AM IST
തിരുവനന്തപുരം: ഏറ്റവും കൂടുതൽ നാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന രണ്ടാമനായി പിണറായി വിജയൻ. നാലു തവണയായി 3246 ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന കോണ്‍ഗ്രസിലെ കെ. കരുണാകരന്റെ റിക്കാർഡിനൊപ്പം ഇന്നു പിണറായി വിജയനെത്തി. നാളെ 3247 ദിവസമെത്തി ഇതു മറികടക്കും.
ഇനി പിണറായിക്കു മുന്നിൽ സിപിഎമ്മിലെ തന്നെ ഇ.കെ. നായനാർ മാത്രമാണുള്ളത്. മൂന്നു തവണയായി 4009 ദിവസമാണ് നായനാർ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്. രണ്ടാം പിണറായി സർക്കാരിന് ഇനി ശേഷിക്കുന്നത് 13 മാസം മാത്രമായ തിനാൽ ഇതു മറികടക്കാനാകില്ല.
തുടർച്ചയായി രണ്ടാംതവണ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന റിക്കാർഡും പിണറായി വിജയനാണ്. രണ്ടാമതു മുഖ്യമന്ത്രിയായ ശേഷമാണ് എ.കെ. ആന്റണി (2177), ഉമ്മൻ ചാണ്ടി (2459), സി. അച്യുതമേനോൻ (2640) എന്നിവരുടെ ദിനങ്ങൾ പിണറായി വിജയൻ മറികടന്നത്.
സംസ്ഥാനത്ത് ഇതുവരെ 23 മന്ത്രിസഭകളിലായി 12 പേരാണ് മുഖ്യമന്ത്രിമാരായത്. വിവിധ ഘട്ടങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയായ കെ. കരുണാകരനാണ് കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി. തൊട്ടു പിന്നാലെ ഇ.കെ. നായനാരും എ.കെ. ആന്റണിയും മൂന്നു തവണ വീതം. രണ്ടു തവണ വീതം മുഖ്യമന്ത്രിമാരായവർ നാലു പേരുണ്ട്. ഇ.എം.എസ്. നന്പൂതിരിപ്പാട്, സി. അച്യുതമേനോൻ, ഉമ്മൻ ചാണ്ടി, പിണറായി വിജയൻ. ഏറ്റവും കുറവു കാലം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത് മുസ്ലിം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയയാണ്. 54 ദിവസം.