രാജ്യത്തെ നയിക്കുന്ന ശക്തിയാണ് ഭരണഘടന: ഗവര്‍ണര്‍
Monday, April 14, 2025 3:22 AM IST
തിരുവനന്തപുരം: രാജ്യത്തെ നയിക്കുന്ന ശക്തിയാണ് ഭരണഘടനയെന്നും ഭരണഘടനയുടെ സത്ത രാജ്യത്തെ ഓരോ പൗരനും ഉള്‍ക്കൊള്ളണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.
ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെയും ഭരണഘടനാ ശില്പി ഡോ. ബി. ആര്. അംബേദ്ക്കറുടെ 134-ാം ജന്മവാര്‍ഷികത്തിന്റെയും ഭാഗമായി യുവജന കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജയ് ഭീം പദയാത്ര കവടിയാര്‍ വിവേകാനന്ദ പ്രതിമക്ക് മുന്നില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധഃസ്ഥിത വിഭാഗങ്ങള സേവിക്കാനും അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ആഹ്വാനം നല്കിയ ഡോ. ബി.ആര്. അംബേദ്ക്കര്‍ രാജ്യത്തിന് പ്രഥമ സ്ഥാനം നല്‍കണമെന്നും ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നമുള്ള സന്ദേശമാണ് നല്‍കിയതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. 2047ല്‍ വികസിതഭാരതമെന്ന വലിയ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്ക് നല്‍കിയിട്ടുള്ളത് രാജ്യം ആദ്യം എന്ന ചിന്തക്ക് അനുസൃതമായാണ്.
ഈ ലക്ഷ്യസാക്ഷാത്കാരത്തിന് യുവാക്കള്‍ക്ക് വലിയ പങ്കാണുള്ളതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ഭരണഘടനയുടെ ആമുഖം ചടങ്ങില്‍ പ്രതിജ്ഞയായി ചൊല്ലിക്കൊടുത്തു. നെഹ്രു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു.