കേന്ദ്ര പദ്ധതി: വിഹിതം നൽകാത്തത് ബാധ്യതയാകുന്നു
സ്വന്തം ലേഖകൻ
Monday, April 14, 2025 4:19 AM IST
തിരുവനന്തപുരം: കേന്ദ്ര പദ്ധതികൾ ആരംഭിച്ച് ജീവനക്കാരെയും നിയമിച്ച ശേഷം കേന്ദ്ര ഫണ്ട് നൽകാതിരിക്കുന്നതു സംസ്ഥാനത്തിനു വലിയ സാന്പത്തിക ബാധ്യതയാകുന്നു. പതിറ്റാണ്ടുകളായി ആരോഗ്യ- സാമൂഹികക്ഷേമ മേഖലകളിൽ നടപ്പാക്കി വരുന്ന കേന്ദ്ര പദ്ധതികളുടെ വിഹിതംപോലും വെട്ടുന്നത് കടുത്ത പ്രതിസന്ധിക്ക് ഇടയാക്കുന്നതായാണ് വിലയിരുത്തൽ.
1975ൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി തുടങ്ങിയ ഐസിഡിഎസ് പദ്ധതിയുടെ തസ്തികകളിലെ ശന്പളത്തിന് കേന്ദ്രം ഒരു രൂപപോലും ഫണ്ട് നൽകുന്നില്ലെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്. വനിത-ശിശു വികസന ക്ഷേമ വകുപ്പിനു കീഴിലുള്ള 2676 ജീവനക്കാർക്കും പൂർണമായി ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ട ബാധ്യത സംസ്ഥാനത്തിനായി. 1975ൽ പദ്ധതി തുടങ്ങുന്പോൾ മുഴുവൻ ഫണ്ടും കേന്ദ്ര സർക്കാർ നൽകിയിരുന്നതാണ്. തുടർന്ന് കേന്ദ്ര- സംസ്ഥാന വിഹിതം 60:40 ആയി കുറഞ്ഞു.
ഐസിഡിഎസ് പദ്ധതിയിൽ കേന്ദ്ര പാറ്റേണ് പ്രകാരം അനുവദിക്കപ്പെട്ട തസ്തികകളിലെ ജീവനക്കാരുടെ ശന്പളം 25:75 എന്ന അനുപാതത്തിലേക്കു താഴ്ന്നു. കേന്ദ്രം അംഗീകരിച്ച 1871 തസ്തികകളിൽ മാത്രം കേന്ദ്ര വിഹിതം ലഭിച്ചു. അധികമുള്ള 805 തസ്തികകളിലെ ജീവനക്കാരുടെ ശന്പളവും ആനുകൂല്യങ്ങളും പൂർണമായി സംസ്ഥാന സർക്കാർ വഹിച്ചു. പിന്നീട് മറ്റുള്ളവർക്ക് നൽകിവന്ന 25 ശതമാനം കേന്ദ്ര വിഹിതം 2023 ഫെബ്രുവരി 14ലെ ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാർ നിർത്തലാക്കിയതോടെ പൂർണമായി സംസ്ഥാനത്തിന്റെ തലയിലായി.
ഇതുപോലെയാണ് നാഷണൽ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) അവസ്ഥയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിൽ ആശുപത്രികളിലെ കരാർ ഡോക്ടർമാരും ജീവനക്കാരും അടക്കം 17,600 ജീവനക്കാരാണ് എൻഎച്ച്എമ്മിനു കീഴിൽ സംസ്ഥാനത്തുള്ളത്. കഴിഞ്ഞ സാന്പത്തിക വർഷം ആശാ പ്രവർത്തകർക്കുള്ള കേന്ദ്ര സർക്കാരിന്റെ വിഹിതം ഇതുവരെ നൽകിയിട്ടില്ലെന്നും ധനവകുപ്പ് പറയുന്നു.