റിപ്പോർട്ട് തേടൽ മാത്രമല്ല വനംമന്ത്രിയുടെ ജോലിയെന്ന് സതീശൻ
Wednesday, April 16, 2025 1:53 AM IST
ചാലക്കുടി: ഈവർഷം 18 പേർ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും വനംമന്ത്രി ഇടപെട്ടു ശാശ്വതപരിഹാരമുണ്ടാക്കുന്നില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അതിരപ്പിള്ളിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശാശ്വതപരിഹാരമുണ്ടാക്കുമെന്നു മാത്രമാണു മന്ത്രി പറയുന്നത്. റിപ്പോർട്ട് തേടൽ മാത്രമല്ല വനംമന്ത്രിയുടെ ജോലി. വനാതിർത്തിയിലെ ജനങ്ങളെ വിധിക്കു വിട്ടുകൊടുത്തു സർക്കാർ നിസംഗരായി നിൽക്കുന്നു. രണ്ടു ദിവസത്തിനിടെ അതിരപ്പിള്ളിയിൽ മൂന്നു ജീവൻ പൊലിഞ്ഞിട്ടും നിലപാടിൽ മാറ്റമില്ലെന്നും സതീശൻ വിമർശിച്ചു.
സംഭവമറിഞ്ഞിട്ടും ജില്ലാ കളക്ടർ സ്ഥലത്തെത്തിയില്ല. അത്ര വലിയ കൊന്പത്തെ ഉദ്യോഗസ്ഥനാണോ കളക്ടർ? പാവപ്പെട്ടവരിൽ പാവപ്പെട്ടവരാണ് ഇരകൾ. അവരെ ആശ്വസിപ്പിക്കാൻപോലും സർക്കാരിനെ പ്രതിനിധീകരിച്ച് ആളില്ല. ഇത് അനുവദിക്കാനാകില്ല. ഏറ്റവും കൂടുതൽ ആനശല്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി പ്രത്യേക സംഘത്തെ നിയോഗിച്ചു മുന്നറിയിപ്പ് നൽകണം. മൃഗങ്ങളെ തിരിച്ചോടിക്കാൻ സംവിധാനമൊരുക്കണം.
ആറു വർഷത്തിനിടെ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. എണ്ണായിരത്തിലേറെപ്പേർക്കു പരിക്കേറ്റു. വന്യജീവിശല്യത്തിനെതിരേയാണ് യുഡിഎഫ് മലയോരയാത്ര നടത്തിയത്. ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു.