ലഹരിക്കെതിരേ ജനമുന്നേറ്റം; 139-ാം വർഷത്തിൽ ദീപികയുടെ പോരാട്ടം
Monday, April 14, 2025 3:36 AM IST
കോട്ടയം: കുടുംബങ്ങളിലും സമൂഹത്തിലും ഭീതിപരത്തിക്കൊണ്ട് വ്യാപിക്കുന്ന ലഹരിക്കെതിരേ ജനകീയ മുന്നേറ്റത്തിന് ദീപികയുടെ പദ്ധതി. മലയാള പത്രപ്രവർത്തന ചരിത്രത്തിൽ അപൂർവമായ ഏടുകളായിരിക്കും 139-ാം വർഷത്തിൽ ദീപിക നടപ്പാക്കുകയെന്ന് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും ചീഫ് എഡിറ്റർ റവ. ഡോ. ജോര്‍ജ് കുടിലിലും അറിയിച്ചു.
ദീപിക ബാലസഖ്യത്തിന്റെയും ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും സഹകരണത്തോടെ വിപുലമായ കർമപദ്ധതികൾ തയാറാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും വിവിധ മത, സാമൂഹിക, സാംസ്കാരിക സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ ലഹരിവ്യാപനം തടയുന്നതിനും ലഹരിക്കടിപ്പെട്ടവരെ രക്ഷിക്കുന്നതിനും ഫലപ്രദമായി ഇടപെടാൻ "ലഹരിക്കെതിരേ ജനമുന്നേറ്റം- കിക്ക് ഔട്ട്’പദ്ധതി വഴിയൊരുക്കുമെന്നും ഇരുവരും വ്യക്തമാക്കി.
ദീപിക സാമൂഹികപ്രതിബദ്ധതയുള്ള ജനകീയ ജിഹ്വ: മാര്‍ റാഫേല്‍ തട്ടില്‍
കോട്ടയം: സാമൂഹിക പ്രതിബദ്ധതയുടെ ശംഖനാദം മുഴക്കുകയും സമൂഹത്തിന്റെ അന്ധകാരം അകറ്റുന്ന കെടാവിളക്കായി വര്‍ത്തിക്കുകയും ചെയ്യുന്ന ജനകീയ ജിഹ്വയാണ് ദീപികയെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിവ്യാപനത്തിനെതിരേ ജനകീയ ബോധവത്കരണം ലക്ഷ്യമാക്കി 139-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദീപിക തുടക്കം കുറിക്കുന്ന "ലഹരിക്കെതിരേ ജനമുന്നേറ്റം- കിക്ക് ഔട്ട്’ പദ്ധതി ദീപിക കേന്ദ്ര ഓഫീസില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
അനാചാരങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അനീതിക്കുമെതിരേ ദീപിക മുന്നണിപ്പോരാളിയാണ്. കര്‍ഷകരുടെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ധീരമായ നിലപാടുകളെടുക്കുന്നു. മൂല്യങ്ങളില്‍ ഉറച്ച് പ്രയാണം തുടരുന്ന ദീപികയുടെ പ്രകാശം എക്കാലവും നാടിനു കരുതലാണ്. വ്യക്തമായ നിലപാടും സത്യസന്ധമായ ഉള്ളടക്കവുമുള്ളതിനാലാണ് ദീപിക എന്നും എവിടെയും സ്വീകാര്യതയുള്ള പത്രമായി മാറുന്നതെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, കോട്ടയം നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ സ്വാഗതവും ദീപിക ബാലസഖ്യം കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ നന്ദിയും പറഞ്ഞു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും റവ. ഡോ. ജോര്‍ജ് കുടിലിലും ചേര്‍ന്ന് മാര്‍ റാഫേല്‍ തട്ടിലിന് ഉപഹാരം സമ്മാനിച്ചു.