മദർ ഏലീശ്വ: സ്ത്രീമുന്നേറ്റം സപര്യയാക്കിയ സമർപ്പിത
Wednesday, April 16, 2025 1:54 AM IST
സിജോ പൈനാടത്ത്
കൊച്ചി: മദർ ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിന്റെ സുപ്രധാന ഘട്ടം പിന്നിടുന്പോൾ, സഭയ്ക്കൊപ്പം കേരളത്തിന്റെ സ്ത്രീശക്തീകരണ മുന്നേറ്റങ്ങൾക്കും അഭിമാനം. കേരളത്തിലെ ആദ്യ സന്യാസിനിയെന്നറിയപ്പെടുന്ന മദർ ഏലീശ്വ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
വരാപ്പുഴ ഓച്ചന്തുരുത്ത് കുരിശിങ്കൽ കപ്പിത്താൻ തൊമ്മൻ - താണ്ട ദമ്പതികളുടെ എട്ടു മക്കളിൽ മൂത്തവളായി 1831 ഒക്ടോബർ 15ന് ജനിച്ച ഏലീശ്വ ബാല്യം മുതൽ പ്രാർഥനയിലും പാവങ്ങളോടുള്ള കരുണയിലും അതീവതാത്പര്യം പ്രകടിപ്പിച്ചു. കർമലീത്ത മിഷനറിയായ ഇറ്റാലിയൻ വൈദികൻ ഫാ. ലെയോപോൾദിന്റെ ആത്മീയശിക്ഷണം സന്യാസജീവിതത്തിലേക്കുള്ള പ്രവേശനത്തിനു പ്രചോദനമായി.
അങ്ങനെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1866ല്‍ കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മലീത്താ സന്യാസിനീ സഭയില്‍ ആദ്യ അംഗമായി. 1866 ഫെബ്രുവരി 13ന് കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി ) സന്യാസിനീസമൂഹം സ്ഥാപിച്ചു.പെൺകുട്ടികൾക്കു വിദ്യാഭ്യാസം ലഭിക്കേണ്ടത് അവരുടെ വളർച്ചയ്ക്ക് ആവശ്യമാണെന്നു തിരിച്ചറിഞ്ഞ ഏലീശ്വ, അതിനായി ബോർഡിംഗ് സ്കൂൾ സ്ഥാപിച്ചു.
കേരളത്തിൽ ആദ്യമായി കോൺവെന്റ് സ്കൂളും ബോർഡിംഗ് ഹൗസും പെൺകുട്ടികൾക്കായി അനാഥാലയവും സ്ഥാപിക്കുന്നതിൽ മദർ എലീശ്വ നിർണായക പങ്ക് വഹിച്ചു. പെൺകുട്ടികളുടെ ആത്മീയവളർച്ചയ്ക്കും സാമൂഹ്യപുരോഗതിക്കും ആവശ്യമായ പ്രവർത്തനങ്ങളിലും മദർ അതീവ താത്പര്യം പ്രകടിപ്പിച്ചു.
1913 ജൂലൈ 18ന് അന്തരിച്ച മദർ ഏലീശ്വയെ വരാപ്പുഴ ആര്‍ച്ച്ബിഷപ്പായിരുന്ന ഡോ. ഡാനിയേൽ അച്ചാരുപറമ്പില്‍ 2008 മേയ് 30ന് ദൈവദാസിയായി പ്രഖ്യാപിച്ചു. 2023 നവംബര്‍ എട്ടിന് ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ടു. വരാപ്പുഴ സെന്റ് ജോസഫ്സ് കോണ്‍വെന്റിലാണ് മദര്‍ ഏലീശ്വയുടെ കബറിടമുള്ളത്.
ധന്യയുടെ മാധ്യസ്ഥ്യത്തിൽ നടന്ന അദ്ഭുതത്തിന് വിവിധ തലങ്ങളിൽ സ്ഥിരീകരണമായതോടെയാണു വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപന നടപടികളിലേക്കു കടക്കുന്നത്.
നാമകരണത്തിനുള്ള പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. മാര്‍ക്കോ കിയെസയാണു വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള നടപടിക്രമങ്ങൾ വത്തിക്കാനിൽ ഏകോപിപ്പിക്കുന്നത്. വത്തിക്കാനിലെ ഔദ്യോഗിക നടപടികൾക്കുശേഷം വരാപ്പുഴയിൽ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള ശുശ്രൂഷകൾ നടക്കും.