കേന്ദ്രമന്ത്രി കിരൺ റിജിജു ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു
Wednesday, April 16, 2025 1:53 AM IST
കൊച്ചി : കേന്ദ്രമന്ത്രി കിരൺ റിജിജു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ ആർച്ച്ബിഷപ് ആശങ്ക അറിയിച്ചു.
വഖഫ് നിയമഭേദഗതി നടപ്പിലായ സാഹചര്യത്തിൽ മുനമ്പം വിഷയത്തിൽ സമയബന്ധിതമായി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. നിയമഭേദഗതി നടപ്പിലായതിനാൽ മുനമ്പം വിഷയങ്ങൾ പോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം ആർച്ച്ബിഷപ് കേന്ദ്രമന്ത്രിക്കു കൈമാറി.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ഷോൺ ജോർജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ഫാ. എബിജിൻ അറക്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. സോജൻ മാളിയേക്കൽ, ഫാ.സ്മിജോ ജോർജ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.