പിഎംശ്രീ: ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ വിദ്യാഭ്യാസ വകുപ്പ് വീഴരുതെന്ന് എകെഎസ്ടിയു
Monday, April 14, 2025 3:36 AM IST
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാൻ പെരുപ്പിച്ച കണക്ക് കാണിച്ചുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ വിദ്യാഭ്യാസ വകുപ്പ് വീഴരുതെന്ന് സിപിഐയുടെ അധ്യാപക സംഘടനയായ എകെഎസ്ടിയു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയെടുക്കാനും ഷോക്കേസ് ചെയ്യുന്നതിനും കേന്ദ്രം ആവിഷ്കരിച്ച പദ്ധതിയാണ് പിഎംശ്രീയെന്ന് അതിന്റെ ആമുഖത്തിൽ പറയുന്നു.
വിദ്യാഭ്യാസ രംഗത്ത് ഉച്ചഭക്ഷണം, യൂണിഫോം തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളും ഫണ്ടും നിലവിൽ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ സമഗ്രശിക്ഷയുടെ പേര് പറഞ്ഞ് പിഎംശ്രീയിൽ ഒപ്പുവയ്പിക്കാൻ പെരുപ്പിച്ച കണക്ക് കാണിച്ചുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് നടക്കുന്നത്. മൂന്നു വർഷംമുൻപ് ആരംഭിച്ച പദ്ധതി ഇനി നടപ്പാക്കിയാൽ 60-40 കേന്ദ്ര സംസ്ഥാന വിഹിതമനുസരിച്ച് 65 സ്കൂളുകൾക്കായി 12 കോടിയിൽ താഴെ തുക മാത്രമേ ലഭിക്കുകയുള്ളൂ. അതും സംസ്ഥാന വിഹിതത്തിൽ നിന്ന് ചെലവാക്കേണ്ടിവരും.
ഇതിന്റെ പേരിൽ സമഗ്രശിക്ഷ കേരളയുടെ ഫണ്ട് തടഞ്ഞുവച്ചതിനെതിരേ തമിഴ്നാട് മാതൃകയിൽ നിയമ-രാഷ്ട്രീയ വഴികൾ സ്വീകരിക്കണം. വർഗീയത ഉദ്ഘോഷിക്കുന്ന വിദ്യാഭ്യാസനയം നടപ്പാക്കിയെന്ന പാപഭാരം ഇടതുസർക്കാർ ഏറ്റെടുക്കേണ്ടിവരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരനും ജനറൽസെക്രട്ടറി ഒ.കെ. ജയകൃഷ്ണനും പറഞ്ഞു.