ജെയ്സമ്മയ്ക്കും മകള്‍ക്കും പുതിയ വീട്
Monday, April 14, 2025 3:36 AM IST
തൃശൂര്‍: പ്രാരാബ്ധങ്ങളോടു പടവെട്ടി ജീവിതം തള്ളിനീക്കുന്ന വീട്ടമ്മയ്ക്കും മകള്‍ക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ അന്തിയുറങ്ങാം. ജയ്സമ്മയുടെ പേരിലുള്ള അഞ്ചു സെന്റ് സ്ഥലത്ത് ലുലു ഗ്രൂപ്പ് പുതിയ വീട് നിര്‍മിച്ചുനല്‍കും. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ ഇടപെടലോടെയാണു തൃശൂര്‍ വരടിയം അംബേദ്കർ ഗ്രാമത്തിലെ ജെയ്സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകള്‍ക്കും വിഷുപ്പുലരിയില്‍ കൈനീട്ടമെത്തുന്നത്.
അന്ധയായ ജയ്സമ്മയും മകളും ലോട്ടറി വിറ്റാണ് ജീവിതം കഴിയുന്നത്. ഇവരുടെ ജീവിതദുരിതത്തിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുടുംബത്തിന് സഹായം എത്തിക്കുമെന്ന് എം.എ. യൂസഫലിയുടെ ഉറപ്പെത്തിയത്.
ലുലു ഗ്രൂപ്പ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലു ഐടി സൈബര്‍ പാര്‍ക്ക് ഡയറക്ടര്‍ ആന്‍ഡ് സിഇഒ അഭിലാഷ് വലിയവളപ്പില്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് എന്നിവരുടെ നേതൃത്വത്തില്‍ ജയ്സമ്മയുടെ വീട് സന്ദര്‍ശിച്ചു. കട്ടിളയും ജനാലയും മേല്‍ക്കൂരയും അടക്കം തകര്‍ന്നുവീഴാറായ നിലയിലാണ് വീടിന്റെ അവസ്ഥ. പുതിയ വീട് നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ പറഞ്ഞു.
കാഴ്ചപരിമിതിക്കു പുറമേ വലതുകൈക്ക് സ്വാധീനക്കുറവുമുള്ള ജയ്സമ്മയ്ക്ക് റോഡരികിലിരുന്ന് ലോട്ടറി വില്ക്കാന് മകളാണ് ഏക സഹായം. അമ്മയെ സുരക്ഷിതമായി ലോട്ടറി വില്‍ക്കുന്ന ഇടത്ത് എത്തിച്ചശേഷമാണു മകള്‍ ദിവസവും സ്കൂളിലേക്ക് പോകുന്നത്.
പലരിൽനിന്നും സഹായവാഗ്ദാനങ്ങളെത്തിയെങ്കിലും ഇതൊന്നും നടപ്പായിരുന്നില്ല. യൂസഫലി സാറിനോടുള്ള കടപ്പാടും നന്ദിയും പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നാണ് ജെയ്സമ്മയുടെ പ്രതികരണം.