പീഡനക്കേസിൽ പ്രതിയായ അഭിഭാഷകൻ മരിച്ച നിലയിൽ
Monday, April 14, 2025 3:22 AM IST
കൊല്ലം: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിനു വിധേയനായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
എറണാകുളം പിറവം സ്വദേശി പി.ജി. മനുവിനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ്, കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടില്‍ മനുവിനെ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.
ഡോ. വന്ദന ദാസ് കേസില്‍ പ്രതിഭാഗം അഭിഭാഷകനായ ആളൂരിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേസില്‍ ഹാജരാകാന്‍വേണ്ടി മൂന്നു ദിവസം മുമ്പാണു മനു കൊല്ലത്തെത്തിയത്.
കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് വീട് വാടയ്ക്ക് എടുത്തിരുന്നത്. ഇന്നലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് ജൂണിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണു മുകളിലത്തെ നിലയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വന്ദനാ കേസില്‍ 16ന് തുടര്‍വാദം നടക്കാനിരിക്കേയാണ് മനുവിന്റെ മരണം. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിരുന്ന മനു പീഡന കേസില്‍ പ്രതിയായതോടെയാണു സ്ഥാനം രാജിവച്ചത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മനുവിനു ജാമ്യം ലഭിച്ചിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പു പറഞ്ഞിരുന്നു. മാപ്പു പറയുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹം കാണപ്പെട്ട വീട്ടിലെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.