നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കും: മുഖ്യമന്ത്രി
Monday, April 14, 2025 2:54 AM IST
ധർമടം (കണ്ണൂർ): 2025 നവംബർ ഒന്നിനു കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം നിയോജകമണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും എന്നത് മൂന്നുവർഷം മുമ്പ് സർക്കാർ കണക്കാക്കിയതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചുമതലകൾ ഏറിയകൂറും നിർവഹിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. എന്നാൽ, മറ്റെല്ലാ വകുപ്പുകളുടെയും സഹകരണവും ഇതിന് ആവശ്യമാണ്. ഇതിന്റെ ഭാഗമായുള്ള യോജിച്ച കൂട്ടായ ഇടപെടലുകളാണു കേരളത്തിൽ നടന്നത്.
ഒരു ശതമാനത്തിൽ താഴെയായിരുന്നു കേരളത്തിലെ അതിദരിദ്രരുടെ കണക്ക്. ഇത് ഗൗരവമായി എടുത്ത് അവരെയെല്ലാം അതിദാരിദ്ര്യത്തിൽനിന്നു മുക്തരാക്കുക എന്നുള്ളതാണ് സർക്കാർ എടുത്ത നിലപാട്. പദ്ധതി ഒന്നാം വർഷത്തിൽ എത്തിയപ്പോൾ തന്നെ നല്ല മാറ്റം ദൃശ്യമായിരുന്നു. കേരളത്തിൽ അതിദരിദ്രർ 64,002 എന്നു കണ്ടെത്തി അവരെ കുടുംബമായി എടുത്തുകൊണ്ടുതന്നെ അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കുന്നതിനുള്ള മൈക്രോ പ്ലാൻ തയാറാക്കി.
അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഓരോ പ്രദേശത്തും ഇക്കാര്യത്തിൽ നടന്നിട്ടുള്ളത്. ഇത് മാനവ സ്നേഹത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും ഉദാത്തമായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കണ്വന്ഷന് സെന്ററിൽ നടന്ന പരിപാടിയില് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡോ.വി.ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ എന്നിവർ വിശിഷ്ടാതിഥികളായി. പിഎയു പ്രോജക്ട് ഡയറക്ടർ എം.രാജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി.കെ. അരുൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.കെ. രവി, എ.വി.ഷീബ, കെ.കെ. രാജീവൻ, കെ. ഗീത, പി.വി. പ്രേമവല്ലി, ടി. സജിത എന്നിവർ പ്രസംഗിച്ചു.