വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ. മാണി
Wednesday, April 16, 2025 1:53 AM IST
കോട്ടയം: മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ വ്യാപക പ്രചാരണം നടത്തി കേന്ദ്രസർക്കാർ നിയമമാക്കിയ വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ അക്ഷരാർഥത്തിൽ മുനമ്പം ജനതയെ വഞ്ചിക്കുകയായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി.
പാർലമെന്റിൽ ബിൽ അവതരിപ്പിച്ചപ്പോൾതന്നെ ഭേദഗതി നിർദേശങ്ങളിൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള ചട്ടരൂപീകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബിൽ നിയമമാകുമ്പോൾ മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം നിവാസികൾക്ക് ഗുണം ഉണ്ടാകില്ലെന്നും കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ പാർലമെന്റിൽ പറഞ്ഞതാണ്. ഇന്നത്തെ നിലയിൽ മുനമ്പത്തെ ജനങ്ങൾ തലമുറകളോളം ഇനിയും കോടതികൾ കയറി ഇറങ്ങിയാലും പരിഹാരമുണ്ടാകില്ല എന്നതാണ് യാഥാർഥ്യം.
മിച്ചഭൂമി വാങ്ങി കബളിപ്പിക്കപ്പെട്ട കർഷകരെ 2005ൽ ഭൂപരിപരിഷ്കരണ നിയമം ഭേദഗതി ചെയ്ത് ചട്ടനിർമാണത്തിലൂടെ അന്ന് നിയമ മന്ത്രിയായിരുന്ന കെ.എം. മാണി രക്ഷിച്ചതുപോലെ മുനമ്പത്ത് വഞ്ചിക്കപ്പെട്ട പാവപ്പെട്ടവരെ നിയമമോ നിയമ ഭേദഗതിയോ കൊണ്ടുവന്ന് കേന്ദ്ര സർക്കാർ രക്ഷിക്കുകയാണ് വേണ്ടത്.
ഇന്നത്തെ നിലയിൽ മൂന്നാം മോദി മന്ത്രിസഭ കാലാവധി പൂർത്തിയാക്കിയാലും മുനമ്പം പ്രശ്നങ്ങൾക്ക് പരിഹാരമാവുകില്ലെന്നും അദ്ദേഹം പറഞ്ഞു.