ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം
Wednesday, April 16, 2025 1:53 AM IST
തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കല്‍ (തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.
അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡുകള്‍ തിരുവനന്തപുരത്തു വിതരണം ചെയ്യുമെന്നു സംഘാടകര്‍ അറിയിച്ചു.
സമഗ്രസംഭാവനകളെ മാനിച്ച് നല്കുന്ന ചലച്ചിത്രരത്നം പുരസ്കാരം വിജയകൃഷ്ണന് സമ്മാനിക്കും. ജഗദീഷിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. ജൂബിലി ജോയ് തോമസ്, ബാബു ആന്റണി, വിപിന്‍ മോഹന്‍, ത്യാഗരാജന് മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്കാരം ലഭിക്കും.
സൂക്ഷ്മദര്ശിനിയാണ് മികച്ച രണ്ടാമത്തെ ചിത്രം. സൈജു കുറുപ്പ്, അര്ജുന് അശോകന് എന്നിവർ മികച്ച സഹനടനുള്ള അവാർഡും ഷംല ഹംസ, ചിന്നു ചാന്ദ്നി എന്നിവർ മികച്ച സഹനടിക്കുള്ള അവാർഡും നേടി.