തൊമ്മൻകുത്തിൽ കുരിശ് തകർത്തതിൽ പ്രതിഷേധം
Monday, April 14, 2025 3:36 AM IST
തൊമ്മൻകുത്ത് (ഇടുക്കി): സെന്റ് തോമസ് പള്ളിയുടെ കീഴിൽ ആനയാടിക്കുത്തിനു സമീപം നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനപാലകർ തകർത്ത സംഭവത്തിൽ പ്രതിഷേധം അലയടിക്കുന്നു. പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച ഇരുന്പ് കുരിശാണ് വനപാലകർ പോലീസ് സഹായത്തോടെ ജെസിബി ഉപയോഗിച്ച് ശനിയാഴ്ച തകർത്തത്. കുരിശ് ഒടിച്ച് നശിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും സ്ഥലത്തുണ്ടായിരുന്ന വിശ്വാസികൾ എതിർത്തതോടെ ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
65 വർഷമായി ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിവിടം. ഇവിടെ ഭൂരിഭാഗം ആളുകൾക്കും ഭൂമിക്ക് കൈവശരേഖമാത്രമാണുള്ളത്. പലരും പട്ടയഅപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്. ഇഎംഎസ് ഭവനപദ്ധതിയിൽ ഇവിടെ വീടുകളും നിർമിച്ചിട്ടുണ്ട്. അഞ്ചുമാസം മുന്‍പ് സ്വകാര്യവ്യക്തി പള്ളിക്കു നൽകിയ കൈവശ രേഖയുള്ള അഞ്ചുസെന്റ് സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. നാൽപ്പതാം വെള്ളിയാഴ്ച കുരിശ് വെഞ്ചരിക്കുകയും ഇവിടേക്ക് പള്ളിയിൽ നിന്നു കുരിശിന്റെ വഴി നടത്തുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ 11ഓടെയാണ് വണ്ണപ്പുറം റേഞ്ച് ഓഫീസർ ടി.കെ. മനോജിന്റെ നേതൃത്വത്തിള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുരിശ് തകർത്തത്. വന ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഇവരുടെ വാദം. കൈവശരേഖയുള്ള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചതെന്ന വസ്തുത കാറ്റിൽപറത്തിയായിരുന്നു കിരാത നടപടി. കുരിശ് സ്ഥാപിക്കുന്നതിനുള്ള നിർമാണ ജോലികൾ നടന്നപ്പോഴോ ഇതുനീക്കം ചെയ്യുന്നതിനു മുന്‍പോ യാതൊരു അറിയിപ്പും പള്ളി അധികൃതർക്ക് നൽകിയിരുന്നില്ല.
വനംവകുപ്പിന്റെ നടപടിയിൽ അതിശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. നേരത്തേ കുരിശ് സ്ഥാപിച്ച ഭാഗത്തേക്ക് റോഡ് സൗകര്യം കുറവായിരുന്നു. സമീപനാളിൽ നെയ്യശേരി-തോക്കുന്പൻസാഡിൽ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ഇവിടേക്ക് ഗതാഗതം തുറന്നുകിട്ടിയതും കുരിശ് സ്ഥാപിച്ചതും.
ദുഃഖവെള്ളിയാഴ്ച പരിഹാരപ്രദക്ഷിണം ഇവിടേക്ക് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കുരിശ് നശിപ്പിച്ചെങ്കിലും ഇതിനു മാറ്റമില്ലെന്ന് ഇടവക പ്രതിനിധികൾ വ്യക്തമാക്കി. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനും ഇന്നലെ ചേർന്ന ഇടവക പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്.
“കാട്ടുനീതി കാട്ടിൽ മതി, നാട്ടിലിത് വച്ചുപൊറുപ്പിക്കില്ല”
തൊമ്മൻകുത്ത്: കുരിശ് തകർത്ത സംഭവത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തൊമ്മൻകുത്ത് ഇക്കോടൂറിസം കേന്ദ്രത്തിലേക്ക് ഇന്നലെ വൈകുന്നേരം നടത്തിയ മാർച്ചിൽ പ്രതിഷേധമിരന്പി. കാട്ടുനീതി കാട്ടിൽ മതിയെന്നും നാട്ടിലിത് വച്ചുപൊറുപ്പിക്കില്ലെന്നുമുള്ള മുദ്രാവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധമാർച്ച് ഇക്കോ ടൂറിസം ഗേറ്റിനുമുന്നിൽ പോലീസ് തടഞ്ഞു. ഇതു പ്രതിഷേധക്കാരും പോലീസും തമ്മിൽ നേരിയ സംഘർഷത്തിനു കാരണമായി.

ടർന്നു നടന്ന യോഗം വികാരി ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ മനുഷ്യത്വത്തോടെ പെരുമാറണമെന്നും കാടത്വം നിറഞ്ഞ പെരുമാറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനംവകുപ്പ് ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ചോരനീരാക്കി കഠിനാധ്വനം ചെയ്തു ജീവിക്കുന്ന ജനങ്ങൾക്ക് പിറന്നമണ്ണിൽ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം. മൃഗങ്ങളോടല്ല ജനങ്ങളോടാണ് വനംവകുപ്പ് കൂറ് കാണിക്കേണ്ടതെന്നും ഇതു മറന്ന് കുതിരകയറാൻ വന്നാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിൻ, കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് സോജൻ കുന്നുംപുറത്ത്, കെസിവൈഎം മുൻ രൂപത പ്രസിഡന്റ് ആൻസൻ കല്ലുങ്കൽതാഴെ, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് ബിൻസി ജോസ് എന്നിവർ പ്രസംഗിച്ചു. കൈക്കാരൻമാരായ ജോണി ഇല്ലിക്കൽ, തോമസ് കാരിവേലിൽ, കെസിവൈഎം മുൻ മേഖല പ്രസിഡന്റ് സോജൻ മുണ്ടൻകാവിൽ, ആൽഫ്രഡ് കളത്തൂർ, ആൽവിൻ ഈന്തുങ്കൽ, ജോമോൻ ചോലപ്പിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വനംവകുപ്പിന്റെ നീക്കം ചെറുക്കും: ഇടവകപൊതുയോഗം
തൊമ്മൻകുത്ത്: കുരിശ് പിഴുതുമാറ്റിയ സംഭവത്തിൽ പള്ളി പാരിഷ് ഹാളിൽ ഇന്നലെ ചേർന്ന പൊതുയോഗം പ്രതിഷേധിച്ചു. വിശുദ്ധവാരത്തിൽ വിശ്വാസികളുടെ മനസിൽ ആഴത്തിലേറ്റ മുറിവാണിതെന്നു യോഗം ചൂണ്ടിക്കാട്ടി. ആറരപ്പതിറ്റാണ്ടായി കുടിയേറി കൃഷിചെയ്തു ജീവിക്കുന്ന ഭൂമി വനംവുപ്പിന്റേതാണെന്ന് സ്ഥാപിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും യോഗം വ്യക്തമാക്കി.
വണ്ണപ്പുറം പഞ്ചായത്തിലെ എല്ലാ മതസ്ഥരുടെയും ഭൂരിപക്ഷം ആരാധനാലയങ്ങളും പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. സമീപ പഞ്ചായത്തുകളായ കരിമണ്ണൂർ, ഉടുന്പന്നൂർ എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
കർഷകൻ രേഖാമൂലം പള്ളിക്ക് എഴുതി നൽകിയ കൈവശഭൂമി എങ്ങനെയാണ് കൈയേറ്റമാകുന്നതെന്നും അധികാര ദുർവിനിയോഗം നടത്തിയ റേഞ്ച് ഓഫീസർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പിഴുതെടുത്ത കുരിശ് തിരികെ സ്ഥാപിക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവർ അതിവിശുദ്ധമായി കരുതുന്ന കുരിശ് പിഴുതെടുത്ത് വനംവകുപ്പ് ഓഫീസിന്റെ തറയിൽ അവഹേളിക്കുന്ന വിധത്തിൽ കൊണ്ടുപോയിട്ടിരിക്കുന്നതു സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ തയാറകണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കുരിശ് പുനഃസ്ഥാപിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: തൊമ്മന്‍കുത്ത് പള്ളി സ്ഥാപിച്ച കുരിശ്, മുന്നറിയിപ്പ് നല്‍കാതെ പിഴുതു മാറ്റിയത് വേദനാജനകവും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി. പീഡാനുഭവ വാരത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തുന്നതിനാണ് വിശ്വാസികള്‍ കുരിശ് പ്രതിഷ്ഠിച്ചത്.
കുരിശ് എടുത്ത് മാറ്റിയതിന് പിന്നിലെ അജൻഡ വനംവകുപ്പ് വ്യക്തമാക്കണം. വനംവകുപ്പിനെതിരേ അതിശക്തമായ പ്രതിഷേധം പ്രദേശവാസികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഒത്താശയോടെ കുരിശ് തകര്‍ത്തത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഉടന്‍ കുരിശ് പുനഃസ്ഥാപിച്ച് വിശ്വാസികളോട് മാപ്പ് പറയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ഡോ. ജോസ്കുട്ടി ഒഴുകയില്‍, ഡോ. കെ.എം. ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ജോയ്സ് മേരി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.