അടച്ചിട്ട വീട്ടിൽ കവർച്ച, 32 പവൻ സ്വർണം നഷ്ടപ്പെട്ടു
Monday, April 14, 2025 2:54 AM IST
എയ്യാൽ(തൃശൂർ): എയ്യാലിൽ ആളില്ലാത്ത വീട്ടിൽ വൻകവർച്ച. വീട് കുത്തിത്തുറന്ന് 32 പവൻ സ്വർണാഭരണങ്ങൾ കവർന്നു. എയ്യാൽ ചുങ്കം സെന്ററിനു സമീപം താമസിക്കുന്ന ഒറുവിൽ അംജദിന്റെ വീട്ടിലാണു മോഷണം നടന്നത്.
പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ അംജദ് അവിടെയാണു താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഭാര്യ സാദിയ, അമ്മ നഫീസ എന്നിവർ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീടുകളിലേക്കു പോയിരുന്നു. ശനിയാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്.
മുൻവശത്തെ വാതിലും കിടപ്പുമുറിയുടെ വാതിലിന്റെ ലോക്കും കുത്തിത്തുറന്ന് അകത്തുകടന്ന് അലമാര കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് സ്വർണാഭരണങ്ങളും 3,000 രൂപയും കവർന്നത്. അലമാരയിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
കുന്നംകുളം എസിപി സി.ആർ. സന്തോഷ്, എരുമപ്പെട്ടി ഇൻസ്പെക്ടർ ജെ.എസ്. അശ്വിനി, എസ്ഐ കെ.വി. ജോണി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരായ കെ.പി. ബാലകൃഷ്ണൻ, എം.അതുല്യ എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു.