ദേശീയ ഫെഡറേഷന് അത്ലറ്റിക് മീറ്റ് 21 മുതല്‍ കൊച്ചിയില്‍
Wednesday, April 16, 2025 1:54 AM IST
കൊച്ചി: ദേശീയ ഫെഡറേഷന് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 21 മുതല്‍ 24 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. വര്‍ഷങ്ങള്‍ക്കുശേഷമാണ് അത്ലറ്റിക് ഫെഡറേഷന്റെ ദേശീയ ചാമ്പ്യന്‍ഷിപ്പിന് എറണാകുളം വേദിയാകുന്നത്. പരിമിതികള്‍ക്കിടയിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒളിമ്പ്യന്മാരും റിക്കാര്‍ഡ് ജേതാക്കളുമുള്പ്പെടെ എണ്ണൂറോളം അത്ലറ്റുകള് പങ്കെടുക്കും. രജിസ്ട്രേഷന് ഇന്നലെ പൂര്‍ത്തിയായി. ട്രാക്കിലും ഫീല്‍ഡിലും വലിയ പോരാട്ടത്തിനാണു കേരളം വേദിയാകുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അത്ലറ്റുകളാണ് ഫെഡറേഷന് കപ്പില്‍ പങ്കെടുക്കുക.
ഒളിമ്പിക്സ് മാതൃകയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിനായി നവീകരിച്ച ട്രാക്കിലും ഫീല്‍ഡിലുമാണ് ദേശീയ മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഗ്രൗണ്ടിന്റെ ഗുണനിലവാരത്തില്‍ ഇപ്പോഴും ആശങ്ക മാറിയിട്ടില്ല. ഗ്രൗണ്ടിലെ ജംപിംഗ് പിറ്റ്, ത്രോ സര്‍ക്കിള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറെ പരാതികളും.
ഒരു ജംപിംഗ് പിറ്റ് മാത്രമാണ് ഇവിടെയുള്ളത്. ത്രോ സര്‍ക്കിള്‍ കൃത്യമായ മാനദണ്ഡം പാലിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. സിന്തറ്റിക് ട്രാക്കിനെക്കുറിച്ച് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.