സമരം ശക്തമായി തുടരുമെന്ന് ആശാ വർക്കർമാർ
Monday, April 14, 2025 3:36 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം കൂടുതൽ ശക്തമായി തുടരാൻ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സെക്രട്ടേറിയറ്റ് പടിക്കൽ രാപകൽ സമരം 64 ദിവസവും നിരാഹാര സമരം 25 ദിവസവും പിന്നിടുന്ന സാഹചര്യത്തിൽ സമരത്തിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണു തീരുമാനം.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാവാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കണമെന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്റെ അധ്യക്ഷതയിലാണു യോഗം നടന്നത്.
ആശ വർക്കർമാർക്ക് ഓണറേറിയം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് ഈ മാസം 21ന് ആദരം നല്കാനും തീരുമാനിച്ചു. സമരവേദിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ആശമാർ ആദരം അർപ്പിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അധ്യക്ഷന്മാരെ നേരിട്ട് ക്ഷണിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ പറഞ്ഞു.