വിദേശ വിദ്യാഭ്യാസത്തിൽ ജാഗ്രത വേണം: മാർ ഇഞ്ചനാനിയിൽ
Wednesday, April 16, 2025 1:53 AM IST
കൊച്ചി: വീസ ചട്ടഭേദഗതികൾ നിലവിൽ വന്നതിനാൽ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ നടത്തിയ വിദേശ വിദ്യാഭ്യാസ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖർ വീസ നിയമങ്ങളും വിദേശപഠന സാധ്യതകളും പ്രതിസന്ധികളും ചതിക്കുഴികളും വിശകലനം ചെയ്തു സംസാരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി.
ഓസ്ട്രേലിയയിൽനിന്നുള്ള മലയാളി മന്ത്രി ജിൻസൺ ചാൾസ് ആന്റോ, യുകെയിലെ കേംബ്രിഡ്ജ് മേയർ അഡ്വ. ബൈജു തിറ്റാല, വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജൺ ചെയർമാൻ ജോളി തടത്തിൽ, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ടോമി കക്കാട്ട്, ഫെബിൻ സിറിയക് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ, സിജോ ഇലന്തൂർ, ഫാ.ജോൺ പുതുവ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ലിയോൺ ജോസ് വിതയത്തിൽ, ജസ്റ്റിൻ ജോസ് നടക്കലാൻ എന്നിവർ പ്രസംഗിച്ചു.