സ്നേഹത്തിന്റെ ഹീറോയിസ വാരം
പ്രത്യാശയുടെ തീർഥാടനം / ഫാ. ജോഷി മയ്യാറ്റിൽ
Monday, April 14, 2025 3:22 AM IST
ഓശാന ഞായറോടെ ആരംഭിക്കുന്ന ആഴ്ച വിശുദ്ധവാരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്തിലാണ് ഈ വാരത്തിന്റെ വിശുദ്ധി അടങ്ങിയിരിക്കുന്നത്? നിശ്ചയദാർഢ്യത്തിൽ എന്നതാണ് എന്റെ ഉത്തരം. സ്വർഗം പുലർത്തിയ സ്നേഹനിഷ്കർഷത്തിന്റെ മഹാവിശുദ്ധിയാണ് ഈ വാരത്തിൽ വെളിവായത്. അതിനാൽ, ലോകചരിത്രം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിശുദ്ധമായ വാരവും ഇതുതന്നെ.

സ്വർഗം വിട്ട് ഭൂമിയിലേക്കു താഴ്ന്നിറങ്ങിയ ‘സന്തതി’ പിന്നീട് ‘കുതികാലിൽ പരിക്ക്’ ഏറ്റുവാങ്ങാനായി (ഉത്പത്തി 3:15) ജറൂസലെമിലേക്ക് നടന്നുകയറിയ കാഴ്ച ലൂക്കായുടെ വിശുദ്ധ സുവിശേഷം തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. ലൂക്ക 9:51 മുതൽ 19:28 വരെ നീളുന്ന അധ്യായങ്ങളിൽ കാണുന്നതു മുഴുവൻ ജറൂസലെമിലേക്ക് നിശ്ചയദാർഢ്യത്തോടെ നടന്നുകയറുന്ന യേശുവിനെയാണ്. “തന്റെ ആരോഹണത്തിന്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കേ, അവൻ ജറൂസലെമിലേക്ക് പോകാൻ തീരുമാനിച്ചുറച്ചു” എന്ന മുഖവുരയോടെയാണ് സുവിശേഷകൻ ആ വിവരണം ആരംഭിക്കുന്നതുതന്നെ.
പിന്നീടങ്ങോട്ടു കാണുന്നത് മുന്നോട്ടു മാത്രം നീങ്ങുന്ന യേശുവിനെയാണ്. ജറൂസലൊന്മുഖമായ ആ അധ്യായങ്ങളെ ബൈബിൾ പഠിതാക്കൾ വിളിക്കുന്നത് ‘യാത്രാവിവരണം’ എന്നത്രേ - സ്നേഹത്തിന്റെതേരിലേറിയുള്ള രണയാത്ര അഥവാ, മരണയാത്ര!
സ്നേഹം വലിയ ഹീറോയിസം ഡിമാൻഡ് ചെയ്യുന്നുണ്ട്. ദൃഢനിശ്ചയവും അചഞ്ചലതയും അതിൽ അനിവാര്യമാണ്. അപരനുവേണ്ടി സ്വരക്ഷാകവചങ്ങൾ മാറ്റിവച്ച്, അപകടസാധ്യതകൾ സ്വീകരിച്ച്, ആത്മാർത്ഥതയോടെ പാറപോലെ ഉറച്ചുനിൽക്കുന്നതിലാണ് സ്നേഹത്തിന്റെ ഹീറോയിസം അടങ്ങിയിരിക്കുന്നത് - ദുരിതങ്ങളിലും നഷ്ടങ്ങളിലും ഒപ്പം നിൽക്കുന്ന ഹീറോയിസം, ഒരു രോഗിയുടെ ഉറക്കമില്ലാത്ത രാത്രികളിൽ കൈപിടിച്ചു കൂട്ടിനിരിക്കുന്ന ഹീറോയിസം, അതീവപ്രതിസന്ധികളിൽ പോലും വിശ്വസ്തത പുലർത്തുന്ന ഹീറോയിസം. ഇത്തരം മഹാവീരന്മാർ വാളുകളും ആയുധങ്ങളും കൊണ്ടല്ല, മറിച്ച് ഹൃദയങ്ങൾകൊണ്ടു പോരാടുന്നവരാണ്.
കുടുംബജീവിതവും സമർപ്പിതജീവിതവും തൊഴിൽജീവിതവും പൊതുപ്രവർത്തനവുമെല്ലാം ഹീറോയിസത്തിന്റെ പ്രായോഗികമേഖലകളാണ്. പൊതുനന്മയ്ക്കായി കാൽവരി കയറാൻ എടുക്കുന്ന തീരുമാനം - അതാണ് ഒരാളെ അനശ്വരനാക്കുന്നത്! ആ ഹീറോയിസം കുടുംബങ്ങളിലും തൊഴിലിടങ്ങളിലും രാഷ്ട്രീയത്തിലും സാമുദായിക-സഭാ നേതൃത്വങ്ങളിലും ഇന്നു കുറഞ്ഞുവരികയാണോ? നിസംഗതയും നിർവികാരതയും നിഷ്ക്രിയത്വവും കരിവേഷം കെട്ടിയാടുന്ന ഇടങ്ങളായി മേൽപ്പറഞ്ഞവയെല്ലാം മാറുന്നുണ്ടോ?