ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി പിടിയിൽ
Wednesday, April 16, 2025 1:53 AM IST
മട്ടാഞ്ചേരി: മയക്കുമരുന്ന് വില്പനക്കേസിലെ മുഖ്യപ്രതിയെ ഫോർട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തലയോലപ്പറമ്പ് വടയാർ സ്വദേശി അർഫാസിനെയാണ് ഫോർട്ട്കൊച്ചി പോലീസ് പിടികൂടിയത്.
2024 ഓഗസ്റ്റിൽ ഫോർട്ടുകൊച്ചി സ്വദേശിയായ ജെർഷോൺ എന്നയാളുടെ പക്കൽനിന്ന് 17 ഗ്രാം എംഡിഎംഐ കൊച്ചി ഡാൻസാഫും ഫോർട്ടുകൊച്ചി പോലീസും ചേർന്നു പിടികൂടിയിരുന്നു.
അന്വേഷണത്തിൽ മട്ടാഞ്ചേരി സ്വദേശിയായ സഫീർ, മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനി മട്ടാഞ്ചേരി സ്വദേശി തൗഫീഖ്, ബംഗളൂരുവിൽനിന്നു മയക്കുമരുന്ന് എത്തിച്ചുനൽകുന്ന മട്ടാഞ്ചേരി സ്വദേശിയായ ഇർഫാൻ, പള്ളുരുത്തി സ്വദേശി തരുൺ, ഫോർട്ട് കൊച്ചി സ്വദേശി ഷാരോൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അർഫാസ് ബംഗളൂരുവിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് വിവിധ കോഴ്സുകളുടെ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കുന്ന കൺസൾട്ടൻസിയുടെ മറവിലായിരുന്നു മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
അഡ്മിഷന് എത്തുന്ന വിദ്യാർഥികളും ഇയാളുടെ കെണിയിൽപ്പെട്ട് മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെടുന്നതായും ഇയാളുടെ ഫ്ലാറ്റിൽ ആഫ്രിക്കൻ വംശജർ വന്നുപോകുന്നതായുള്ള വിവരവും പോലീസിന് ലഭിച്ചു. ഫോർട്ട് കൊച്ചി പോലീസ് ബംഗളൂരുവിലെത്തി പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാൾ പോലീസിനെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു.
അർഫാസ് സുഹൃത്തിന്റെ വിവാഹത്തിന് മൂവാറ്റുപുഴയിൽ എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് കൊച്ചി പോലീസ് മൂവാറ്റുപുഴ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് ആവശ്യക്കാർക്ക് ആഫ്രിക്കൻ വംശജരുടെ ഫോൺ നമ്പർ നൽകി വൻതുക കമ്മീഷൻ വാങ്ങി ഇടനിലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു പ്രതിയെന്നും പോലീസ് പറഞ്ഞു.