അധികാരവും പ്രതിരോധവും
Wednesday, April 16, 2025 1:53 AM IST
പോൾ കൊട്ടാരം കപ്പൂച്ചിൻ
നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിന്റേതാകും. ഇവയുടെമേൽ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാൻ തരാം (ലൂക്കാ 4:56). ഈശോ നേരിടുന്ന ഒരു പ്രലോഭനം. ആഴമേറിയ പ്രാർഥനയിലായിരുന്നു ഈശോ, അതിനൊടുവിലാണ് ഈ പ്രലോഭനം.
ഇത് അതിശയകരമാണ്. ചില ആത്മീയ ഗുരുക്കന്മാർ പറഞ്ഞുതന്നിട്ടുള്ളത് പ്രാർഥനയും ധ്യാനവുമൊന്നുമില്ലാത്തവർക്കാണ് പ്രലോഭനങ്ങൾ ഉണ്ടാകുക എന്നാണ്. എന്നാൽ, ഇവിടെ പ്രലോഭകൻ വന്നിരിക്കുന്നത് ദൈവപുത്രനായ ഈശോയുടെ സമീപത്തും. ഈശോ ദൈവപുത്രനാണെന്നു മാത്രമല്ല 40 ദിനങ്ങൾ കഠിന തപസിലുമായിരുന്നു. എത്രമാത്രം ആത്മീയ ഔന്നത്യമുള്ള വ്യക്തിക്കും പ്രലോഭനം വരാമെന്ന് ഇതു നമ്മോടു പറയുന്നു.
ഈശോയോടു പ്രലോഭകൻ പറയുന്നത് അവനെ ആരാധിക്കുക എന്നു മാത്രമാണ്. ലളിതമെന്നു പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്ന ഇക്കാര്യത്തിലൂടെ ഈശോയ്ക്കു ലഭിക്കുമെന്നു പറയുന്നത് എല്ലാ അധികാരവും മഹത്വവുമാണ്. ചുറ്റുപാടുകളിലേക്കു മിഴിതുറന്നാൽ കാണാൻ സാധിക്കുന്നത് അധികാരത്തിനായി എന്തുംചെയ്യാൻ മടിക്കാത്ത മനുഷ്യരെയാണ്. പലരും വീണുപോകുന്ന പ്രലോഭനവുമാണിത്.
സ്വയം ബോധ്യം
ഈശോയുടെ കൂടെ തപസിലായിരിക്കുമ്പോൾ കൈവരിക്കേണ്ട ആത്മീയ ബോധ്യവും നിലപാടുമുണ്ട്. ഈശോ എന്തുകൊണ്ട് ഈ പ്രലോഭനത്തിലകപ്പെടാതെ അതിനെ പ്രതിരോധിച്ചു എന്നു പരിശോധിക്കുമ്പോൾ കിട്ടുന്ന ഉത്തരം, മണ്ണിലുള്ള എല്ലാ അധികാരങ്ങൾക്കും മുകളിൽ കഴിയുന്നവനാണ് താനെന്ന വ്യക്തമായ ഉറപ്പ് ഈശോയ്ക്കുണ്ടായിരുന്നു.
അതായത് ഇവിടെ പ്രലോഭകൻ അവതരിപ്പിക്കുന്ന കാര്യങ്ങളെല്ലാം നിസാരമായവയാണെന്ന തിരിച്ചറിവ്. അങ്ങനെയുള്ളയൊരാൾക്ക് ഇതിന്റെയൊന്നും ആവശ്യം ഒരിക്കലുമില്ല. അധികാരവും മഹത്വവും ഉണ്ടെങ്കിലേ ജീവിതത്തിന് അർഥമുണ്ടാകൂ എന്നു കരുതുന്നവരേറെയും വീണുപോകുന്ന പ്രലോഭനമാണിത്.
വീണുപോകുന്നവർ
ഈശോയെപ്പോലെ താനാരാണെന്ന സ്വയാവബോധം ഉണ്ടാകുകയും അതിൽ ഉറച്ചുനിൽക്കാൻ കഴിയുന്ന നിലപാട് സ്വന്തമാക്കുകയും ചെയ്യാനുള്ള സമയമാണ് ഓരോ നോന്പുകാലവും. സ്വയം ആരാണെന്ന തിരിച്ചറിവില്ലാതെ പോകുമ്പോഴാണ് എളുപ്പവഴികളിലൂടെ എന്തെങ്കിലുമൊക്കെ ആകാമെന്ന പ്രലോഭനത്തിലേക്കു വീണുപോകുക. വലിയ അധ്വാനമില്ലാതെയും പണം മുടക്കാതെയും നേട്ടങ്ങൾ കിട്ടുമെന്നറിയുമ്പോൾ അറിവും വിദ്യാഭ്യാസവും ഉണ്ടെന്ന് അഭിമാനിക്കുന്ന എത്രയോ പേരാണ് വീണുപോകുന്നത്.
ഒരു പാത്രം സൂപ്പിനുവേണ്ടി തന്റെ കടിഞ്ഞൂൽ അവകാശം നഷ്ടപ്പെടുത്തിയ ഏസാവിനെക്കുറിച്ചു ബൈബിളിലെ ആദ്യപുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് (ഉത്പത്തി 25:33). താത്കാലിക ലാഭത്തിനും സന്തോഷത്തിനും മുകളിൽ ജീവിതത്തിന്റെ വിലയും അർഥവും കണ്ടെത്താൻ പറ്റാത്തതിന്റെ മികച്ച ഉദാഹരണമാണിത്. ഇവിടെയാണ് ഈശോയുടെ ആത്മബോധത്തിലുറച്ച പ്രതിരോധം പ്രസക്തമാകുന്നത്.