""മുൻ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചു''
Monday, April 14, 2025 3:22 AM IST
കൊച്ചി: മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ.എം. ഏബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ വിധിയില്‍ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി.
കെ.എം. ഏബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്നാണ് ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണം. സ്വത്ത് സമ്പാദന കാലയളവ് ശരിയായി പരിശോധിക്കാന്‍ വിജിലന്‍സിനായില്ല. 2014 -2015 കാലത്തെ സ്വത്ത് സമ്പാദനം അന്വേഷണത്തില്‍ വിജിലന്‍സ് ഉള്‍പ്പെടുത്തിയില്ല. വസ്തുതകള്‍ അവതരിപ്പിക്കുന്നതില്‍ വിജിലന്‍സിന്റെ അഭിഭാഷകനും വീഴ്ചപറ്റിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.
കെ.എം. ഏബ്രഹാമിന്റെ സ്വാധീനത്തിലായിരുന്നു പ്രാഥമികാന്വേഷണം. കടപ്പാക്കട ഷോപ്പിംഗ് കോംപ്ലക്സിന്റെ വരുമാനം അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിനുപുറമെ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന് പണം കൈമാറിയതിലും അന്വേഷണം നടത്തിയില്ല.
ഇക്കാര്യങ്ങള്‍ വിജിലന്‍സ് ഒഴിവാക്കാന്‍ പാടില്ലായിരുന്നുവെന്നും ഹൈക്കോടതി നിരീ ക്ഷിച്ചു. കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഈ ഗുരുതര പരാമര്‍ശങ്ങള്‍.
ഇക്കഴിഞ്ഞ 11നാണ് കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. 2015ല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റീസ് കെ. ബാബുവിന്റെ ഉത്തരവ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 2017ലെ ഉത്തരവ് റദ്ദാക്കിയ കോടതി, ഈ കേസുമായി ബന്ധപ്പെട്ട് അവിടെ നിലവിലുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചതായും വ്യക്തമാക്കിയിരുന്നു.
പരാതിയുടെയും പരാതിക്കാരന്റെ മൊഴിയുടെയും അതിന്മേല് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെയും മറ്റു സുപ്രധാന രേഖകളുടെയും അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയതിനാല്‍ ഇനി അതിന്റെ ആവശ്യമില്ല.
മുന്‍കൂര്‍ അനുമതിയും ഈ കേസില്‍ ആവശ്യമില്ല. കേസ് ഏറ്റെടുത്ത് സിബിഐ ഉത്തരവ് പുറപ്പെടുവിക്കണം. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എത്രയും വേഗം വിജിലന്‍സ് സിബിഐക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.