ജൽ ജീവൻ മിഷൻ കരാറുകാർ ഇന്നുമുതൽ പണികൾ നിർത്തിവയ്ക്കുന്നു
Saturday, February 1, 2025 1:53 AM IST
തൃശൂര്‍: കുടിശികത്തുക അനുവദിക്കാത്തതിലും കരാർ മുൻഗണനാക്രമം മറികടന്നു ക്രമവിരുദ്ധമായി ഫണ്ട് വിതരണം ചെയ്യുന്നതിലും പ്രതിഷേധിച്ചു ജൽ ജീവൻ മിഷൻ കരാറുകാർ ഇന്നുമുതൽ പണികൾ നിർത്തിവയ്ക്കുന്നു.
4500 കോടി രൂപയുടെ ബില്ലുകൾ സർട്ടിഫൈ ചെയ്തിട്ടും സർക്കാർ പണം അനുവദിച്ചിട്ടില്ല. 1500 കോടി രൂപയുടെ ബില്ലുകൾ ചുവപ്പുനാടയിലാണ്. പണം ലഭിക്കാത്തതിനാൽ വായ്പാ തിരിച്ചടവു മുടങ്ങി ബാങ്ക് ജപ്തിനടപടി ആരംഭിച്ചു.
ഇതോടെ പല കരാറുകാരും ആത്മഹത്യയുടെ വക്കിലെത്തി. ഈ അവസ്ഥയിലാണ് അനുവദിക്കപ്പെടുന്ന ഫണ്ട് വാട്ടർ അഥോറിറ്റി സീനിയോറിറ്റി മറികടന്നു ക്രമവിരുദ്ധമായി വിതരണം ചെയ്യുന്നത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജെജെഎം കോൺട്രാക്ടേഴ്സ് സംയുക്തസമിതി മുഖ്യമന്ത്രിക്കു പരാതി നല്കി. ജൽ ജീവൻ മിഷൻ പദ്ധതി സുഗമമായി തുടരാൻ കുടിശികത്തുക അനുവദിക്കണമെന്നും മുൻഗണനാക്രമം അട്ടിമറിക്കരുതെന്നുമാണ് കരാറുകാരുടെ ആവശ്യം.
പദ്ധതിപ്രവർത്തനത്തിലെ കാലതാമസം ഒഴിവാക്കാൻ വാട്ടർ അഥോറിറ്റിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കണം. പദ്ധതി കാലാവധി നീട്ടിക്കിട്ടാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതി ലഭ്യമാക്കുകയും വേണം.
പത്രസമ്മേളനത്തിൽ ജെജെഎം കോൺട്രാക്ടേഴ്സ് സംയുക്തസമിതി ജില്ലാ പ്രസിഡന്റ് കെ.ആർ. അജയൻ, സെക്രട്ടറി പോളി വർഗീസ്, പി.വി. ടോണി, ദിൽ എം.ഗോവിന്ദ് എന്നിവർ പങ്കെടുത്തു.
പൂർത്തിയായത് 25 ശതമാനം
തൃശൂര്‍: ഗ്രാമീണ മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയുടെ കാലാവധി മാർച്ചിൽ അവസാനിക്കുന്പോഴും പൂർത്തിയായത് 25 ശതമാനം പ്രവൃത്തികൾമാത്രം. പലവട്ടം കാലാവധി ദീർഘിപ്പിച്ചിരുന്നു.
44,000 കോടി രൂപ അടങ്കൽ നിശ്ചയിച്ച് ആരംഭിച്ച പദ്ധതി അഞ്ചുവർഷം പിന്നിട്ടിട്ടും തൃപ്തികരമായ പുരോഗതി കൈവരിക്കാനാകാത്ത അവസ്ഥയാണു കേരളത്തിൽ. ബഹുഭൂരിപക്ഷം പഞ്ചായത്തിലും പദ്ധതി പാതിവഴിയിലാണ്. 31.77 ലക്ഷം കുടുംബങ്ങൾക്ക് ഇതുവരെയും ശുദ്ധജല കണക്ഷൻ ലഭിച്ചിട്ടില്ല. പൂർത്തീകരിച്ചതായി പറയുന്ന കണക്ഷനുകളിൽ കുടിവെള്ളം വിതരണം ചെയ്യാനായിട്ടില്ല.
പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊളിച്ച പിഡബ്ല്യുഡി, എൽഎസ്ജിഡി റോഡുകൾ നന്നാക്കാത്തതിനാൽ വാട്ടർ അഥോറിറ്റിക്കും പഞ്ചായത്തിനും കരാറുകാർക്കുമെതിരേ ജനരോഷം രൂക്ഷമാണ്. ഈ പണികൾ നടക്കാത്തതിനു കാരണവും ഫണ്ട് ലഭിക്കാത്തതാണ്. വാട്ടർ അഥോറിറ്റിയിലെ ജീവനക്കാരുടെ കുറവും ഇതിനു കാരണമാണ്.