സുറിയാനി ഭാഷ ക്രിസ്തീയ പാരമ്പര്യത്തിന്റെ പ്രകാശദീപം: മാര്‍ റാഫേല്‍ തട്ടില്‍
Friday, January 31, 2025 2:06 AM IST
കോട്ടയം: സുറിയാനി ഭാഷയുടെ പഠനം അപ്പോസ്തോലിക പിതാക്കന്മാരുടെ തനതായ അനുഭവങ്ങളും ക്രിസ്തീയ പാരമ്പര്യത്തിന്റെ ആഴത്തിലുള്ള ദര്‍ശനങ്ങളും അനാവരണം ചെയ്യുന്നതാണെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാന്‍സലറുമായ മാര്‍ റാഫേല്‍ തട്ടില്‍.
വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അന്തര്‍ദേശീയ സുറിയാനി ദൈവശാസ്ത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായ സെമിറ്റിക് സംസ്കാരത്തിലും ഭാഷയിലും രൂപംകൊണ്ട ആരാധനക്രമ പാരമ്പര്യമാണ് പൗരസ്ത്യ സുറിയാനി ആരാധനക്രമം.
സ്വന്തമായി ഒരു സംസ്കാരവും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും നമുക്കുണ്ടെന്നും അവയുടെ വ്യക്തത നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കേണ്ടതാണെന്ന ബോധ്യം സുറിയാനി കത്തോലിക്കാ സമൂഹത്തിനുണ്ടാകണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ഓര്‍മിപ്പിച്ചു.
സെമിനാരി കമ്മീഷന് ചെയര്‍മാനും ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫസറും സുറിയാനി ഭാഷാ പണ്ഡിതനുമായ ഡോ. സെബാസ്റ്റ്യന്‍ ബ്രോക്കിന്റെ ആശംസ വായിച്ചു. സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടര്‍ റവ.ഡോ. സ്കറിയ കന്യാകോണില്‍, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട്, ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന അന്തര്‍ദേശീയ സുറിയാനി സിമ്പോസിയത്തില്‍ സുറിയാനി പൈതൃകത്തോടു ബന്ധപ്പെട്ട പരമ്പരാഗത ക്രൈസ്തവകലകളുടെ അവതരണങ്ങളും നടക്കും. സുറിയാനി പാരമ്പര്യത്തിന്റെ ദൈവശാസ്ത്രപരവും സാംസ്കാരികവുമായ കാര്യങ്ങള്‍ അപഗ്രന്ഥിക്കുന്ന 15 പ്രബന്ധങ്ങള്‍ ഇന്നലെ അവതരിപ്പിച്ചു.
നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദകുമാര്‍ സന്ദേശം നല്‍കും.